ഓണം ബമ്പര്‍ ; രണ്ടാം സമ്മാനം കിട്ടിയ പാലാ സ്വദേശി ഒളിവില്‍

തിരുവോണം ബമ്പര്‍ രണ്ടാം സമ്മാനം ലഭിച്ച പാലാ സ്വദേശി ഒളിവില്‍. ഒളിവില്‍ എന്ന് പറയുമ്പോള്‍ നാട്ടില്‍ നിന്നും മുങ്ങി എന്നല്ല. മാധ്യമങ്ങളുടെയും നാട്ടുകാരുടെയും മുന്‍പില്‍ നിന്നാണ് ആള്‍ മറവില്‍ നില്‍ക്കുന്നത്. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി ലഭിച്ചിരിക്കുന്നത്. ബമ്പര്‍ ഫലം പുറത്തു വന്നിട്ടും ഒരു ദിവസം കഴിയുമ്പോഴും രണ്ടാം സമ്മാനത്തിന് അര്‍ഹനായ വ്യക്തി ആരാണെന്ന് പുറത്തു വന്നിട്ടില്ല. എന്നാല്‍, രണ്ടാം സമ്മാനം ലഭിച്ചയാള്‍ പാലാ കനറാ ബാങ്ക് ശാഖയില്‍ എത്തി ടിക്കറ്റ് കൈമാറിയിട്ടുണ്ട്. ടിക്കറ്റിന്റെ ഉടമയുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്നാണ് ബാങ്ക് അധികൃതകര്‍ക്ക് കിട്ടിയ നിര്‍ദേശം. ഇന്ന് രാവിലെയാണ് ഇദ്ദേഹം ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയത്.

പാലാ സ്വദേശി പാപ്പച്ചന്‍ വിറ്റ ടിക്കറ്റിനാണ് അഞ്ച് കോടിയുടെ രണ്ടാം സമ്മാനം. മീനാക്ഷി ലക്കി സെന്റര്‍ ഏജന്‍സിയുടെ കീഴിലെ ഏജന്റാണ് പാപ്പച്ചന്‍. ടിക്കറ്റ് വിറ്റ പാപ്പച്ചനു വിതരണക്കാരനുള്ള കമ്മീഷന്‍ ഇനത്തില്‍ 50 ലക്ഷത്തോളം രൂപ ലഭിക്കും. കോട്ടയം മീനാക്ഷി ലക്കി സെന്ററിന്റെ പാലാ ഓഫീസില്‍നിന്നു പാപ്പച്ചന്‍ എടുത്തു വിതരണം ചെയ്ത 60 ടിക്കറ്റുകളിലൊന്നിനാണു രണ്ടാം സമ്മാനം ലഭിച്ചത്. ഇടപ്പാടി സ്വദേശിക്ക് താന്‍ നല്‍കിയ ടിക്കറ്റിനാണ് സമ്മാനമെന്ന് പാപ്പച്ചന്‍ കരുതുന്നു. ഈ സൂചന വച്ചു ഭാഗ്യവാനെത്തേടി നാട്ടുകാര്‍ ഇയാളുടെ വീട്ടിലെത്തിയെങ്കിലും താന്‍ ടിക്കറ്റ് എടുത്തില്ലെന്ന നിലപാടാണ് ഇടപ്പാടി സ്വദേശി.

തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. സമ്മാനം ലഭിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചാനലുകളും ബാങ്ക്കാരും ബന്ധുക്കളും എല്ലാം അനൂപിനെ വിടാതെ പിന്തുടരുകയാണ്. ഇതില്‍ നിന്നൊക്കെ രക്ഷനേടാന്‍ ആകും രണ്ടാം സമ്മാനം ലഭിച്ച ആള്‍ ഇപ്പോള്‍ ഒളിച്ചു നില്‍ക്കുന്നത്.