തിരുവനന്തപുരം അടക്കം 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ആറു ജില്ലകളില്‍ മഴയ്ക്ക് സാധ്യത എന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതേസമയം അടുത്ത അഞ്ച് ദിവസം കേരളത്തില്‍ കാര്യമായ മഴ ഭീഷണിയൊന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടുള്ള അറിയിപ്പില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴ ജാഗ്രത നിര്‍ദ്ദേശങ്ങളില്ല.

ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ തമിഴ്നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യത. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.