കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വച്ച് പിതാവിനെ കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ തല്ലിച്ചതച്ചു
തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മക്കളുടെ മുന്നില്‍ വച്ച് പിതാവിന് ക്രൂര മര്‍ദനം. മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരാണ് മര്‍ദ്ദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനന്ദനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. അച്ഛനും മകളും ആശുപത്രിയില്‍ ചികിത്സ തേടി. മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായാണ് പ്രേമന്‍ കാട്ടാക്കട ഡിപ്പോയില്‍ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു.
ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമനെ മര്‍ദിക്കുകയായിരുന്നു. അതിനിടെ, ജീവനക്കാര്‍ തന്നെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.