വിവാഹ എന്നാല്‍ ലൈംഗിക സുഖം മാത്രമല്ല ; പ്രധാന ലക്ഷ്യം പ്രത്യുല്‍പ്പാദനം ; ഹൈക്കോടതി
വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ല എന്ന് മദ്രാസ് ഹൈക്കോടതി. 2009-ല്‍ വിവാഹിതരായി 2021 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന ദമ്പതികളുടെ കേസ് ജസ്റ്റിസ് കൃഷ്ണന്‍ രാമസാമിയുടെ സിംഗിള്‍ ബെഞ്ച് പരിഗണിക്കവെയായിരുന്നു വിമര്‍ശനം. ഭര്‍ത്താവിനൊപ്പം താമസിക്കുന്ന ഒമ്പതും ആറും വയസ്സുള്ള മക്കളെയാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. ദര്‍ശനാവകാശം അനുവദിച്ചെങ്കിലും കോടതി ഉത്തരവ് പാലിക്കാന്‍ ഭര്‍ത്താവ് വിസമ്മതിക്കുകയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞിരുന്നു.
വിവാഹം എന്ന സങ്കല്‍പ്പം കേവലം ലൈംഗീക സുഖത്തിന് വേണ്ടിയുള്ളതല്ലെന്നും, അത് പ്രധാനമായും സന്താനോല്‍പ്പാദനത്തിന് വേണ്ടിയുള്ളതാണെന്നും, വിവാഹം എന്ന് പറയുന്നത് പവിത്രമായ ഒരു ഉടമ്പടി ആണെന്നും ഊന്നിപ്പറയാനും ബോധിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. ”പവിത്രമായ വിവാഹത്തില്‍ നിന്ന് ജനിച്ച കുട്ടി, രണ്ട് വ്യക്തികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്. ഈ വസ്തുത തിരിച്ചറിയാതെ, ഇതിനെതിരായി വ്യക്തികള്‍ പെരുമാറുമ്പോള്‍ ഒരു തെറ്റും ചെയ്യാത്ത കുട്ടികള്‍ ആണ് കഷ്ടപ്പെടുന്നതെന്നും കോടതി വിമര്‍ശിച്ചു.ഭാര്യാഭര്‍ത്താക്കന്മാര്‍ യുദ്ധത്തിലേര്‍പ്പെടുകയും കുട്ടികള്‍ ഏറ്റുമുട്ടലില്‍ അകപ്പെടുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്ന് കോടതി നിരീക്ഷിച്ചു.