പ്രണയ നൈരാശ്യം ; യുവ തമിഴ് സിനിമാ സീരിയല്‍ നടി ആത്മഹത്യ ചെയ്തു

വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവ തമിഴ് സിനിമാ സീരിയല്‍ നടി ആത്മഹത്യ ചെയ്തു. ദീപയെ എന്ന പേരില്‍ അറിയപ്പെടുന്ന പോളിന്‍ ജെസീക്കയെ ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. 29കാരിയായ ദീപയുടെ ഫ്‌ലാറ്റില്‍ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്‌ലാറ്റിലെത്തിയത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിച്ച് ദീപ എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചിരുന്നു. മാതാപിതാക്കള്‍ വിവാഹത്തിനു നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ദീപ മാനസികസമ്മര്‍ദത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ദീപയെ ചെന്നൈയിലെ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്‌ലാറ്റിലാണ് ഞായറാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോളിന്‍ ജെസീക്ക എന്നാണ് യഥാര്‍ഥ പേര്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘വൈദ’യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ‘തുപ്പരിവാളന്‍’ ഉള്‍പ്പെടെയുള്ള തമിഴ് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അയല്‍വാസികളാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്നു കോയമ്പേട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.