ഉത്തര്‍ പ്രദേശില്‍ സംസ്ഥാന കബഡി താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയില്‍

ഉത്തര്‍പ്രദേശില്‍ സംസ്ഥാന അണ്ടര്‍ 17 കബഡി താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയില്‍. ചോറും പൂരിയും ശുചി മുറിയിലെ വച്ച് വിളമ്പുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സഹരന്‍പുരില്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ സംസ്ഥാന കബഡി ടൂര്‍ണമെന്റിലെ താരങ്ങള്‍ സ്വയം ഭക്ഷണം വിളമ്പുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സെപ്റ്റംബര്‍ 16ന് നടന്ന സംഭവം ചില താരങ്ങള്‍ തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയതെന്നാണു വിവരം. ടോയ്‌ലറ്റ് പോലുള്ള സ്ഥലത്തു താരങ്ങള്‍ ചോറും കറികളും വിളമ്പുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു പാത്രത്തില്‍നിന്ന് താരങ്ങള്‍ ചോറുവാരിയെടുക്കുന്നതും അതിനു സമീപത്തായി ഒരു പേപ്പറില്‍ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഉച്ചഭക്ഷണത്തിനായി പകുതി വെന്ത ചോറ് നല്‍കിയത് ചോദ്യം ചെയ്തതോടെയാണ് ,ഭക്ഷണം സൂക്ഷിച്ചിരുന്നത് ശുചിമുറിയില്‍ ആണെന്ന് കായികതാരങ്ങള്‍ കണ്ടെത്തിയത്. കായിക താരങ്ങള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണ പ്രഖ്യാപിച്ചു. സഹാറന്‍പൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ അനിമേഷ് സക്‌സേനയെ സസ്‌പെന്‍ഡ് ചെയ്തു.അതേസമയം മഴ കാരണമാണ് ഭക്ഷണം ശുചിമുറിയില്‍ സൂക്ഷിക്കേണ്ടി വന്നതെന്നാണ് ജില്ലാ സ്‌പോര്‍ട്‌സ് അധികൃതരുടെ വിശദീകരണം. സ്റ്റേഡിയത്തില്‍ ജോലി നടക്കുകയാണെന്നും ഭക്ഷണം സൂക്ഷിക്കാന്‍ വേറെ സ്ഥലമില്ലായിരുന്നെന്നും സ്‌പോര്‍ട്‌സ് ഓഫീസര്‍ അവകാശപ്പെട്ടു. അതേസമയം ബിജെപി സര്‍ക്കാര്‍ കായിക താരങ്ങളെ അപമാനിച്ചതായി രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേനയെ സസ്‌പെന്‍ഡ് ചെയ്തു. ‘വ്യാജ പരസ്യങ്ങള്‍’ക്കായി വന്‍ തുക ചെലവഴിക്കുമ്പോള്‍ കബഡി കളിക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അപമാനകരമായ സംഭവമെന്ന് തെലങ്കാന രാഷ്ട്ര സമിതിയും വിമര്‍ശിച്ചു. കളിക്കാരെ അപമാനിക്കുന്നതാണ് സംഭവമെന്ന് രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് സിംഗും പ്രതികരിച്ചു.