പൈപ്പ് പൊട്ടലും ജലമോഷണവും ; കേരള സര്‍ക്കാരിന് നഷ്ടം പ്രതിവര്‍ഷം 576 കോടി രൂപ
പൈപ്പ് പൊട്ടലും ജല മോഷണവും വഴി സംസ്ഥാനത്തിന് 576 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള വാട്ടര്‍ അതോറിറ്റിയുടെ കണക്കുകള്‍ . വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ 40 ശതമാനത്തോളം വരും ഇത്. എല്ലാ വര്‍ഷവും 242 പ്ലാന്റുകളിലായി മൊത്തം 2,873.05 MLD (millions of litres per day) വെള്ളം ശുദ്ധീകരിക്കുന്നുണ്ടെന്നും ഇതിനായുള്ള ശരാശരി ഉല്‍പ്പാദന ചെലവ് 1,438.96 കോടി രൂപയാണെന്നും അടുത്തിടെ കേരള വാട്ടര്‍ അതോറിറ്റി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1723.83 MLD വെള്ളത്തിന്റെ ബില്ലില്‍ മാത്രം പ്രതിവര്‍ഷം 576 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോര്‍ച്ചയും നിയമവിരുദ്ധമായ ഉപയോഗവും മൂലം പാഴായിപ്പോകുന്ന വെള്ളത്തിന്റെ അളവ് സംബന്ധിച്ച് കൃത്യമായ, വിവരങ്ങള്‍ അതോറിറ്റിയുടെ പക്കലില്ലെന്ന് ഒരു കെഡബ്ല്യുഎ ഓഫീസര്‍ പറഞ്ഞു. ചോര്‍ച്ചയും മറ്റും കാരണം 40 ശതമാനത്തോളം വെള്ളത്തിന്റെ കണക്ക് ബില്ലില്‍ വരുന്നില്ലെന്നാണ് മനസ്സിലായത്. വെള്ളം മോഷ്ടിക്കുന്നതാണ് വാട്ടര്‍ അതോറിറ്റിയുടെ വരുമാനത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്‌നം. ഹോട്ടലുകള്‍, ആശുപത്രികള്‍, നിര്‍മ്മാണ സൈറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ ഉപഭോക്താക്കളാണ് പ്രധാനമായും നിയമം ലംഘിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ചോര്‍ച്ച സംഭവിക്കുന്ന പോയിന്റുകളും മറ്റ് കാരണങ്ങളും കണ്ടെത്തി വരുമാനനഷ്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഡബ്ല്യുഎയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പ്രശ്നം പരിഹരിക്കാനുള്ള കര്‍മപദ്ധതി തയ്യാറാക്കും. പൈപ്പ് ലൈനുകളുടെ തകരാറുകള്‍ മാത്രമല്ല വലിയ തോതിലുള്ള ചോര്‍ച്ചയ്ക്ക് കാരണം. ശുദ്ധീകരണ പ്ലാന്റുകളിലെ ചോര്‍ച്ചയും ജല സംഭരണ യൂണിറ്റുകളില്‍ വെള്ളം കവിഞ്ഞൊഴുകുന്നതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ട്. അതിനാല്‍, പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നത് കൊണ്ട് ഇതിനൊരു പരിഹാരമാകില്ല. എന്നാല്‍ പഴയ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്, ” അദ്ദേഹം പറഞ്ഞു.