വിവാദങ്ങള്‍ക്കിടെ അഞ്ചു ബില്ലുകളില്‍ ഒപ്പിട്ടു ഗവര്‍ണര്‍ ; ആറെണ്ണത്തില്‍ തീരുമാനം നീളുന്നു
പിണറായി സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കാനിരിക്കെയാണ് ഗവര്‍ണര്‍ അഞ്ച് ബില്ലുകളിലും ഒപ്പുവച്ചത്. ജനങ്ങളുടെ ക്ഷേമം പരിഗണിച്ചാണ് ബില്ലുകളില്‍ ഒപ്പിട്ടതെന്നാണ് രാജ്ഭവന്റെ വിശദീകരണം. അതേസമയം സര്‍ക്കാരിന് പ്രത്യേക താല്പര്യം ഉള്ള ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.
കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്ത ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു. കഴിഞ്ഞ നിയമസഭാ സമ്മേളനം പതിനൊന്ന് ബില്ലുകളാണ് പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ നേരത്തെ ഒപ്പുവെച്ചിരുന്നു. കേരള മാരിടൈം ബോര്‍ഡ് ഭേദഗതി ബില്‍, പി എസ് സി കമ്മീഷന്‍ ഭേദഗതി ബില്‍, കേരള ജ്വല്ലറി വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് ബില്‍, തദ്ദേശസ്വയം ഭരണ പൊതു സര്‍വീസ് ഭേദഗതി ബില്‍, ധനകാര്യ ഉത്തരവാദിത്വ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ബില്ലുകളിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഒപ്പുവെച്ചത്.
ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ശേഷിക്കുന്ന നാലു ബില്ലുകളില്‍ ബന്ധപ്പെട്ട മന്ത്രിമാരോ വകുപ്പു സെക്രട്ടറിമാരോ നേരിട്ടെത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ഒപ്പിടുകയുള്ളൂ എന്നാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യം കഴിഞ്ഞദിവസം ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു വൈകിട്ട് ഡല്‍ഹിക്ക് പോകും. അടുത്തമാസം മൂന്നിന് മാത്രമാണ് ഗവര്‍ണര്‍ തിരികെ കേരളത്തിലെത്തുക.