തിരുവനന്തപുരത്തു വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിയ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ മദ്യപാന സംഘത്തിന്റെ ആക്രമണം ; കേസൊതുക്കി പോലീസ്

തിരുവനന്തപുരം പോത്തന്‍കോട് ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ വെള്ളയണിക്കല്‍ പാറയില്‍ പെണ്‍കുട്ടികളടക്കമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ മദ്യപാന സംഘത്തിന്റെ ആക്രമണം. വെള്ളാണിക്കല്‍ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെയാണ് അവിടെ മദ്യപിക്കാന്‍ എത്തിയവര്‍ തടഞ്ഞ് വച്ച് കമ്പ് കൊണ്ട് അടിച്ചത്. പെണ്‍കുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദ്യശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഈ മാസം നാലിനാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആണ്‍കുട്ടിയ്ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. കുട്ടികളെ ഒരു സംഘം ആളുകള്‍ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു.

വെള്ളായനിക്കല്‍ സ്വദേശി മനീഷാണ് കുട്ടികളെ മര്‍ദിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പിടിപാടുള്ള ഇയാളെ അറസ്റ്റ് ചെയ്ത ശേഷം വിടുകയായിരുന്നു. കേസ് ഒതുക്കുവാനാണ് പോലീസ് ആദ്യം മുതല്‍ക്കേ ശ്രമിച്ചത് എന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷപമാണ് ഉയരുന്നത്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് പൊലീസ് ഇതുവരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത മനീഷിനെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.ആറ് മാസത്തിനിടെ ഇവിടെ രണ്ടാം തവണയാണ് സദാചാര ആക്രമണമുണ്ടാകുന്നത്. കുടുംബമായി ഏറെപ്പേര്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന ഇടമാണ് വെള്ളയണിക്കല്‍ പാറ. എന്നാല്‍ ഇവിടെ എത്തുന്നവര്‍ക്ക് യാതൊരുവിധ സൗകര്യങ്ങളും ഒരുക്കാന്‍ അധികാരികള്‍ തയ്യാറല്ല. കൂടാതെ മദ്യപന്മാരുടെ ഇഷ്ട കേന്ദ്രം കൂടിയാണ് ഇവിടം. പോലീസ് പേരിനു പോലും തിരിഞ്ഞു നോക്കാത്ത ഇടം കൂടിയാണ്. അതെ സമയം പാറ സന്ദര്‍ശിച്ചു പോകുന്നവരുടെ വാഹനത്തിനു പെറ്റി അടിക്കാന്‍ പോലീസുകാര്‍ക്ക് നല്ല ഉത്സാഹവുമാണ് എന്നാണ് പൊതുവെ ഉള്ള ആക്ഷേപം.