അവസാനം പിടിയില്‍ ; എകെജി സെന്റര്‍ ആക്രമണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

എ കെ ജി സെന്റര്‍ അക്രമണ കേസിലെ പ്രതിയെ അവസാനം ക്രൈം ബ്രാഞ്ച് പിടികൂടി. മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിനെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്‌ഫോടക വസ്തു എറിഞ്ഞത് എന്നാണ് പൊലീസ് പറയുന്നത്. കാറും ടീ ഷര്‍ട്ടുമാണ് തെളിവായി ലഭിച്ചിരിക്കുന്നത്. അക്രമിയുടെ ദൃശ്യങ്ങളില്‍ കണ്ട ടീ ഷര്‍ട്ടും ഷൂസും ജിതിന്റേതാണന്ന ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ആക്രമണ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ കണ്ട കെഎസ്ഇബി ബോര്‍ഡ് വെച്ച കാറും ഇയാളുടേതാണെന്ന് കണ്ടെത്തി.

ജൂണ്‍ മുപ്പതിനാണ് തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം നടക്കുന്നത്. കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. ജൂണ്‍ 30ന് രാത്രി സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും നിര്‍ണായകമായ യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

നൂറോളം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതിയെ സംബന്ധിച്ച ഒരു സൂചനയും ലഭിച്ചില്ല. പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എല്‍.എക്സ് സ്‌കൂട്ടറാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ സ്‌കൂട്ടറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. തിരുവനന്തപുരം ജില്ലയിലെ രണ്ടായിരത്തോളം ഡിയോ സ്‌കൂട്ടറുകളാണ് പരിശോധിച്ചത്. അതേസമയം എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അറസ്റ്റ് നാടകമാണെന്ന് വിടി ബല്‍റാം. രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട സാഹചര്യത്തില്‍ അവഹേളിക്കാനാണ് നീക്കം. തെളിവ് ഉണ്ടെങ്കില്‍ കൊണ്ടുവരട്ടേയെന്നും അറസ്റ്റ് അംഗീകരിക്കുന്നില്ലെന്നും ബല്‍റാം പറഞ്ഞു.

അതുപോലെ സിപിഐഎം ഗൂഢാലോചന നടത്തി മകനെ കേസില്‍ പ്രതിയാക്കിയെന്ന് ജിതിന്റെ മാതാവ് പറഞ്ഞു. മുന്‍പ് സിപിഐഎം പ്രവര്‍ത്തകര്‍ മകനെ വീടുകയറി ആക്രമിച്ചിട്ടുണ്ടെന്നും ജിതിന്റെ മാതാവ് ജിജി മാധ്യമങ്ങളോട് പറഞ്ഞു. കേസ് മകന്റെ തലയില്‍ ക്രൈംബ്രാഞ്ച് വച്ചുകെട്ടിയതാണെന്ന് ജിജി ആരോപിക്കുന്നു. ജിതിന്‍ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞുവെന്ന് കരുതുന്നില്ലെന്നും ജിജി കൂട്ടിച്ചേര്‍ത്തു. ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതിനെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം സ്‌കൂട്ടര്‍ ആരുടേതാണെന്നോ സ്‌ഫോടക വസ്തുവിനെ കുറിച്ചോ വ്യക്തമായി പ്രതി പറയുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ജിതിനാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഡിയോ സ്‌കൂട്ടര്‍ ഗൗരീശ പട്ടം വരെ ജിതിന്‍ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. സ്‌കൂട്ടറിന് പിന്നില്‍ ഗൗരീശ പട്ടം മുതല്‍ ഒരു കാറാണുള്ളത്. സിസിടിവി പരിശോധിച്ചപ്പോള്‍ ഇത് കെഎസ്ഇബിയുടെ ബോര്‍ഡ് വച്ച കാറാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും അസാധാരണമായ നിലയില്‍ തുറന്നിരിക്കുകയായിരുന്നുവെന്നതും സിസിടിവിയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.