പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ; പൊലീസ് സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി ; കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും

സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിച്ച സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്. അതുപോലെ കെഎസ്ആര്‍ടിസി സാധാരണപോലെ സര്‍വ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികള്‍ക്കും ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടി ആവശ്യാനുസരണം സര്‍വ്വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസ് സഹായം തേടാനും, മുന്‍കൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിന് രേഖാമൂലം അപേക്ഷ നല്‍കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.