നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തു നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. അറസ്റ്റ് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെ നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാനാവില്ല.
പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി വി.പി നാസറുദീന്‍, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, ദേശീയ സമിതിയംഗം പി കോയ തുടങ്ങി 14 നേതാക്കള്‍ കസ്റ്റഡിയിലാണ്. ആര്‍എസ്എസ് ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട്. ആര്‍എസ്എസ്സിന്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് പോപുലര്‍ ഫ്രണ്ട് തടസ്സമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്നത്. ഹിന്ദുത്വ ഫാഷിസം രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും ഉയര്‍ത്തുന്ന ഭീഷണിയെ ചൂണ്ടിക്കാണിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ പകപോക്കല്‍ നടപടി എന്ന നിലയ്ക്കാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ഭരണകൂടം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു വേട്ടയാടല്‍ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.