കുറ്റ സമ്മതം നടത്തിയിട്ടില്ല എന്ന് ; എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി ; പോലീസ് കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി
എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ താന്‍ കുറ്റം സമ്മതിച്ചുവെന്ന് പറയുന്നത് കളവാണെന്നും ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നു ആക്രമണക്കേസ് പ്രതി എന്ന പേരില്‍ പോലീസ് പിടികൂടിയ ജിതിന്‍. കഞ്ചാവ് കേസിലടക്കം ഉള്‍പ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി. കൂടെ ഉള്ളവരെ കേസില്‍ കുടുക്കും എന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അറസ്റ്റിലായ ജിതിന്‍ പറഞ്ഞു. ജിതിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ജിതിന്‍ പ്രതികരിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐപിസി 436 സെക്ഷന്‍ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എവിടെ നിന്നാണ് എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും ക്രൈംബ്രാഞ്ചിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ജൂണ്‍ 30 ന് രാത്രി 11.30 ന് ആണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനെതിരേ ആക്രമണം നടന്നത്. ആരാണ് ഇതിന് പിന്നിലെന്ന ചോദ്യം ഉത്തരംകിട്ടാതെ തുടരുകയായിരുന്നു. കോണ്‍ഗ്രസാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതുവരെ പ്രതിയെ പിടികൂടാന്‍ സാധിക്കാത്തത് സമൂഹ മാധ്യമങ്ങളില്‍ അടക്കം വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സ്‌ഫോടക വസ്തു എറിയുന്ന സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്ന സമയത്ത് ധരിച്ചിരുന്ന ടിഷര്‍ട്ട് കേന്ദ്രീകരിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ വ്യക്തമല്ലാതിരുന്നതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാണ് ടിഷര്‍ട്ടിന്റെ പ്രത്യേകത കണ്ടെത്തിയത്. ഇതുപയോഗിച്ച് അന്വേഷണം നടത്തിയ സമയത്ത് അത് വാങ്ങിയതില്‍ ഒരാള്‍ ജിതിന്‍ ആണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു.എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് താനാണെന്ന് ജിതിന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു എന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.