വര്‍ക്കലയില്‍ വീട്ടില്‍ വന്ന മകളുടെ കാമുകനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു
വര്‍ക്കലയില്‍ മകളുടെ കാമുകനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചരുവിള വീട്ടില്‍ ബാലുവിനെ ആണ് അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്. സംഭവത്തില്‍ ചെറുകുന്നം സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടി ക്ഷണിച്ചതിനു പിന്നാലെയാണ് ബാലു വീട്ടില്‍ എത്തിയത്. വീട്ടുകാര്‍ അറിയാതെ കണ്ടു പോകാനാണ് ബാലു എത്തിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു. 2019ല്‍ ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. പുറത്തിറങ്ങിയ ബാലുവിനെ പെണ്‍കുട്ടി വീട്ടിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.