ഹര്‍ത്താലിനെ കുറിച്ച് മൗനം ; വീണ്ടും രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും എതിരെ ആഞ്ഞടിച്ച് പിണറായി
കേരളത്തിനെ അക്രമ ഭൂമിയാക്കിയ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഒരു വാക്ക് പോലും പറയാതെ രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായ ഹര്‍ത്താല്‍ കാരണം കോടികളാണ് ഖജനാവിന് നഷ്ടമായത് എന്നാല്‍ ഈ വേളയിലും കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചാണ് പിണറായി സംസാരിച്ചത്. ബിജെപിയുടെ പ്രത്യയശാസ്ത്രം എത്ര മാത്രം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡിലെ സവര്‍ക്കറുടെ ചിത്രമെന്ന് മുഖ്യമന്ത്രി എടുത്തു പറഞ്ഞു. സവര്‍ക്കറെ ധീര ദേശാഭിമാനി ആയി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ബിജെപിക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് ആകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിക്ക് കരുത്തുള്ളിടത്ത് കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്യുന്നുണ്ടോ. ഭാരത് ജോഡോ യാത്ര പോലും ക്രമീകരിച്ചിരിക്കുന്നത് കേരളത്തില്‍ 19 ദിവസവും, യുപിയില്‍ 4 ദിവസവും എന്ന നിലയിലാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ അതാത് സംസ്ഥാനങ്ങളില്‍ ഒരുമിച്ചു നില്‍ക്കണം. തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ചേര്‍ന്ന് ബിജെപിയെ പുറത്താക്കുന്ന കാര്യം ആലോചിക്കണം. കോണ്‍ഗ്രസ് എന്നത് ഇന്ന് വലിയ ഒരു പാര്‍ട്ടിയല്ല. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ ബിജെപി ഇതര പാര്‍ട്ടികള്‍ ഉണ്ട്. കേരളത്തില്‍ നിന്നും പോയ കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ മധ്യവര്‍ഗ വരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തില്‍ എത്തിക്കും. പക്ഷെ ഇതനുവദിക്കില്ല എന്ന നിലപാടാണ് കോണ്‍ഗ്രസിനും ബിജെപിക്കും എന്ന് മുഖ്യമന്ത്രി തൃശ്ശൂരില്‍ പറഞ്ഞു.
അതേസമയം ഹര്‍ത്താലിന്റെ മറവില്‍ മതതീവ്രവാദികള്‍ സംസ്ഥാനം മുഴുവന്‍ അഴിഞ്ഞാടിയിട്ടും ആഭ്യന്തരവകുപ്പ് ഒരു നടപടിയുമെടുക്കാതെ പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനമൊട്ടാകെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണ് തകര്‍ത്തു. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീര്‍ത്ഥ യാത്രക്കാര്‍ വരെ അക്രമിക്കപ്പെട്ടു. പ്രകോപനമുണ്ടാക്കി വര്‍ഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. തിരുവനന്തപുരം ബലരാമപുരത്ത് കടകള്‍ക്ക് നേരെ ആക്രമണം നടന്നു. ഒരു വിഭാഗം ജനങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നത്. ഹര്‍ത്താല്‍ തലേന്ന് രാത്രി മുതല്‍ തീവ്രവാദികള്‍ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.