പണത്തിന്റെ കൂടെ എട്ടിന്റെ പണിയും ; സഹായാഭ്യര്‍ത്ഥനക്കാരെ കൊണ്ട് പൊറുതിമുട്ടി , വീട്ടില്‍ കയറാനാകാതെ ‘ഭാഗ്യവാന്‍’ അനൂപ്

സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ജേതാവ് ആയ അനൂപ് ആണ് തനിക്ക് ഇപ്പോള്‍ സമാധാനമില്ല എന്ന് പരസ്യമായി പറഞ്ഞിരിക്കുന്നത്. ലോട്ടറി അടിച്ചു എന്ന വാര്‍ത്ത വന്നതിനു പിന്നാലെ വീട്ടില്‍ നിരന്തരം ആളുകള്‍ സഹായം തേടിയെത്തുകയാണെന്ന് അനൂപ് പറഞ്ഞു. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ല. വീട് മാറിപ്പോകാന്‍ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു. രണ്ടു വര്‍ഷം കഴിയാതെ പണം ഒന്നും ചെയ്യില്ലെന്നും അനൂപ് വ്യക്തമാക്കി. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പിലൂടെ തിരുവനന്തപുരം ജില്ലിയിലെ ശ്രീവരാഹം സ്വദേശി അനൂപിലേക്ക് എത്തിയത്. വലിയൊരു നേട്ടത്തിന്റെ സന്തോഷമുണ്ടെങ്കിലും തന്റെ കുടുംബം വൈകാരികമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അനൂപ് പറയുന്നു.

ലോട്ടറി അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷം. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഓരോ ദിവസം കഴിയും തോറും അവസ്ഥ വഷളാകുകയാണ്. സഹായാഭ്യര്‍ത്ഥനക്കാരെ കൊണ്ട് വീട്ടില്‍ കയറാന്‍ കഴിയുന്നില്ല. കൊച്ചിന്റെ അടുത്ത് പോകാന്‍ ആകുന്നില്ല. കൊച്ചിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ പോലും കഴിയുന്നില്ല. വീട്ടില്‍ പോകാറില്ല. ബന്ധുക്കളുടെ വീടുകളില്‍ മാറി മാറി കഴിയുകയാണ്. അവിടേയും രക്ഷയില്ല. തെരഞ്ഞുപിടിച്ചെത്തി സഹായം ആവശ്യപ്പെടുകയാണ്. തന്നെ കാണാത്തപ്പോള്‍ അയല്‍വീട്ടുകാരെയും ശല്യപ്പെടുത്തുകയാണ്. ഇപ്പോള്‍ വീട് മാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. സമ്മാനത്തുക ഇതുവരെ കിട്ടിയിട്ടില്ല. കിട്ടിയാലും രണ്ടു കൊല്ലം കഴിയാതെ പണം ഒന്നും ചെയ്യില്ല. ഈ സമ്മാനം വേണ്ടിയിരുന്നില്ല, വല്ല മൂന്നാം സമ്മാനവും മതിയായിരുന്നു. അനൂപ് പറയുന്നു.അപരിചിതരായ ധാരാളം ആളുകള്‍ സഹായം ചോദിച്ച് വീട്ടിലേക്ക് എത്തുന്ന സാഹചര്യമാണ്. രണ്ട് കോടി രൂപ നിക്ഷേപിച്ചാല്‍ സിനിമ എടുക്കാം എന്ന തരത്തില്‍ വരെ പറഞ്ഞ് അനൂപിന് മുന്നില്‍ ചിലരെത്തിയിരുന്നു.

വീഡിയോ :