ഹര്‍ത്താലിന്റെ മറവില്‍ വ്യാപക ആക്രമണം ; ബോബേറ് ; തകര്‍ത്തത് 59 കെഎസ്ആര്‍ടിസി ബസുകള്‍
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം ഉണ്ടായി. കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലേറില്‍ 11 ജീവനക്കാര്‍ക്ക് പരിക്കേറ്റു. 59 ബസുകള്‍ക്ക് കേടുപാടുകളുണ്ടായി. ഇതില്‍ ഒരെണ്ണം ലോ ഫ്‌ലോര്‍ എ സി ബസും ഒരെണ്ണം കെ-സ്വിഫ്റ്റ് ബസുമാണ്. പൊലീസ് സംരക്ഷണം നല്‍കിയാല്‍ കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ബസുകള്‍ തകര്‍ത്തതിലൂടെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകള്‍ സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്‌മെന്റ് അവകാശപ്പെട്ടു.
സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്.തിരുവനന്തപുരം ബാലരമപുരം കല്ലമ്പലത്ത് ബൈക്കിലെത്തിയ സംഘം ബസിന് നേരെ കല്ലെറിഞ്ഞു.ഡ്രൈവര്‍ സുനില്‍ കുമാറിന് കണ്ണിനാണ് പരിക്കേറ്റത്. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം കെഎസ്ആര്‍ടിസി ഉറപ്പാക്കും. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. 323 പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റിയില്‍ മാത്രം 14 പേര്‍ അറസ്സ്റ്റിലായി. റൂറല്‍ ഡിവിഷനില്‍ എട്ട് പേര്‍ അറസ്റ്റിലായി. പൊതുമുതല്‍ നശിപ്പിച്ചതനാണ് നടപടി.
ഈരാറ്റുപേട്ടയിലെ സംഘര്‍ഷത്തില്‍ 87 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് എംജി റോഡില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ചതിന് അഞ്ച് പേര്‍ അറസ്റ്റിലായി. അതേസമയം വ്യാപക ആക്രമണം തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും പലയിടത്തും വ്യാപകമായ അക്രമമാണുണ്ടായത്. എന്നാല്‍ അപ്പോഴും എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ഡിജിപി അനില്‍കാന്ത് വിശദീകരിക്കുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുറച്ചു പേരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നിടത്ത് കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് വ്യക്തമാത്തിയ ഡിജിപി, വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും വിശദീകരിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയിഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും പലയിടങ്ങളിലും വ്യാപകമായ അക്രമമാണുണ്ടായത്. അക്രമം തടയാന്‍ കാര്യമായ നടപടികളൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.