കടയടപ്പിക്കാന്‍ വന്ന 4 SDPI പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

ഹര്‍ത്താലില്‍ കടകളടപ്പിക്കാനെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കടയടയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളെ ഭീഷണിപ്പെടുത്തിയത്.തുടര്‍ന്ന് കടയുടമകളുമായി വാക്കേറ്റമുണ്ടായി. സ്ഥിതി ശാന്തമാകാതെ വന്നതോടെ നാട്ടുകാരും വ്യാപാരികളെ പിന്തുണച്ച് രംഗത്തെത്തി. തുടര്‍ന്ന് ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കടയുടമകള്‍ തന്നെ ഇവരെ പോലീസിന് കൈമാറുകയും ചെയ്തു.പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ 2 ഇടത്ത് ബോംബേറ് ഉണ്ടായി.

മട്ടന്നൂര്‍ ഇല്ലന്‍മൂലയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ ശേഷം അക്രമി ഓടിരക്ഷപ്പെട്ടു. രാവിലെ കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബേറുണ്ടായിരുന്നു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് പരക്കെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചത്. സംസ്ഥാനത്ത് ഇന്ന് നടന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരില്‍ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു. തൊട്ടു കളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ ആക്രമണം തുടരുമെന്നും കോടതി പറഞ്ഞു.