ഭൂമി കുലുക്കത്തില്‍ കാണാതായ ആളെ 17 ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ കണ്ടെത്തി

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് 17 ദിവസമായി കാണാതായ ഒരാളെ ജീവനോടെ കണ്ടെത്തി. സെപ്തംബര്‍ അഞ്ചിനാണ് സിചുവാനില്‍ റിക്ടര്‍ സ്‌കെയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഈ ഭൂകമ്പത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള ജലവൈദ്യുത നിലയത്തിലെ ജീവനക്കാരെല്ലാം രക്ഷപ്പെട്ടു. എന്നാല്‍, പ്രളയജലം വരുമ്പോള്‍ തൊട്ടടുത്തുള്ള ഗ്രാമങ്ങള്‍ മുങ്ങിപ്പോവുമെന്ന ഭയം കാരണം രണ്ട് ജീവനക്കാര്‍ മാത്രം അവിടെ നിന്നു. പ്രളയം ജലം വന്നാല്‍ ഒഴുകിപ്പോവുന്നതിനായി അവര്‍ ഡാമിനു മുകളിലുള്ള രണ്ട് ഗേറ്റുകള്‍ തുറന്നിട്ടു. എന്നാല്‍, കൊടും കാടിനോട് ചേര്‍ന്നുള്ള വിജന പ്രദേശത്തുള്ള ഡാം സൈറ്റില്‍നിന്നും രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ രാത്രി അവിടെ തങ്ങി. പിറ്റേന്ന് അവര്‍ പുറത്തുകടന്ന് രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ കാഴ്ച പ്രശ്നമുള്ളതിനാല്‍ ഒരാള്‍ക്ക് നടക്കാനായില്ല. അയാളെ അവിടെ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരെ അറിയിക്കാന്‍ പോയ സഹപ്രവര്‍ത്തകന് പിന്നീട് മറ്റേയാളെ കണ്ടെത്താനായില്ല.

വൈദ്യുതി നിലയത്തിലെ ജീവനക്കാരനായ ഗാന്‍ യു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ലുവോ യോങ്ങുമാണ് ഭൂകമ്പത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയത്. ഭക്ഷണമോ മൊബൈല്‍ സിഗ്നലോ ഇല്ലാതെ ഗാനും ലുവോയും ഒരു ദിവസം സ്റ്റേഷനില്‍ താമസിച്ചു. പിന്നീട് പുറത്തിറങ്ങിയ ഇവര്‍ രക്ഷപ്പെടാനായി 12 മൈലിലധികം നടന്നു. എന്നാല്‍ എന്നാല്‍ ഇതിനിടയില്‍ കണ്ണിനു കാഴ്ചക്കുറവ് ഉണ്ടായിരുന്ന ഗാന്റെ കണ്ണട നഷ്ടപ്പെട്ടിരുന്നു. ഇതോടെ അദ്ദേഹത്തിന് യാത്ര ദുഷ്‌കരമായി. ഒടുവില്‍ അവര്‍ ഇരുവരും വേര്‍പിരിഞ്ഞ് രണ്ടായി യാത്ര തുടരാന്‍ തീരുമാനിച്ചു, ലുവോ ആരുടെയെങ്കിലും സഹായം കിട്ടുമോ എന്നറിയാന്‍ തുടര്‍ന്നു. ഈ സമയം ഗാന്‍ ഉപജീവനത്തിനായി കുറച്ച് കാട്ടുപഴങ്ങള്‍ ശേഖരിക്കുകയും മുളകള്‍ കൊണ്ട് ചെറിയൊരു കൂടാരം ഉണ്ടാക്കുകയും അവിടെ ലുവോ വരുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിക്കുകയും െചയ്തു.

സെപ്തംബര്‍ 8 -ന് രക്ഷാപ്രവര്‍ത്തകര്‍ ലുവോയെ കണ്ടെത്തി, എന്നാല്‍ അവര്‍ ഗാന്‍ വിട്ട സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍, അവന്‍ അവിടെ ഉണ്ടായിരുന്നില്ല. ഉപേക്ഷിച്ച വസ്ത്രങ്ങളും കാല്‍പ്പാടുകളും മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. അദ്ദേഹം മരണത്തിന് കീഴടങ്ങി കാണുമോ എന്ന് അവര്‍ ആശങ്കപ്പെട്ടു. തുടര്‍ന്ന്, കാണാതായ ജീവനക്കാരനായി രക്ഷാ പ്രവര്‍ത്തനം നടക്കുകയായിരുന്നു. അതിനിടെയാണ് 17- ദിവസത്തിനു ശേഷം ഇയാളെ കാട്ടിനുള്ളില്‍ വീണു കിടക്കുന്ന നിലയില്‍ കെണ്ടത്തിയത്. ഇയാളെ രക്ഷപ്പെടുത്തി ഹോസ്പിറ്റലില്‍ എത്തിച്ചു. കാട്ടുപഴങ്ങളും വെള്ളവും കഴിച്ചാണ് താന്‍ 17 ദിവസത്തെ കഠിനാധ്വാനത്തെ അതിജീവിച്ചതെന്ന് ഗാന്‍ പറഞ്ഞു. ഭൂകമ്പത്തില്‍ 93 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.