കാട്ടാക്കട മര്‍ദ്ദനം ; വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല എന്ന് ആനത്തലവട്ടം ആനന്ദന്‍

കോര്പ്പറേഷന് തന്നെ നാണക്കേട് ഉണ്ടാക്കിയ വിഷയത്തില്‍ ന്യായീകരണവുമായി സി പി എം. മലയാളികള്‍ മുഴവന്‍ കണ്ട മര്‍ദ്ദന വീഡിയോയില്‍ ആണ് യാതൊരു നാണക്കേടും ഇല്ലാതെ ഇപ്പോള്‍ പാര്‍ട്ടി വിശദീകരണം നല്‍കിയിരിക്കുന്നത്. കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനിയുടെ ബസ് കണ്‍സെഷന്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെട്ട രക്ഷിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല എന്നാണ് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ പിതാവിനെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ബി?ഗ് സ്റ്റോറിയിലായിരുന്നു ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്റെ ട്രാന്‍സ്ഫറിന് സംഭവവുമായി ബന്ധമില്ലെന്നും ആനത്തലവട്ടം പ്രതികരിച്ചു.

‘ട്രാന്‍സ്ഫര്‍ വാങ്ങിയ ജീവനക്കാരന്‍ ഇപ്പോള്‍ പ്രതികരിക്കാത്തത് ജീവന് പേടിയുള്ളത് കൊണ്ടല്ല. ഒരു തൊഴിലാളി തെറ്റ് ചെയ്താല്‍ മാനേജ്മെന്റിനോട് പരാതിപ്പെടാം എന്നാല്‍ അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ല. വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണ്. പൊലീസിനെ വിളിച്ചപ്പോള്‍ പരാതിക്കാര്‍ പോകാനാണ് ശ്രമിച്ചത്. അത് കൊണ്ടാണ് അവര്‍ വിശ്രമമറിയിലേക്ക് കൊണ്ടുപോയത്. ജീവനക്കാരും രക്ഷിതാവും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി എന്നാല്‍ ക്രൂരമായ മര്‍ദ്ദനം ഉണ്ടായെന്ന് പറയുന്ന വീഡിയോ ഇല്ല. ജീവനക്കാരോട് പ്രേമന്‍ പ്രതികരിച്ച രീതി കൂടി നോക്കണം.’ ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഡ്രൈവര്‍ വി കെ ശ്രീജിത്താണ് ട്രാന്‍സ്ഫറിനെ തുടര്‍ന്ന് സ്വന്തം സ്ഥലമായ കോഴിക്കോട്ടേക്ക് പോയത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ശ്രീജിത്തിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു.

മകളുടെ മുന്നില്‍ വെച്ചാണോ തല്ലുന്നതെന്ന് ശ്രീജിത്ത് വീഡിയോയില്‍ ചോദിക്കുന്നത് കേള്‍ക്കാം.മകളുടെ ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്.സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ മകള്‍ രേഷ്മയുടേയും സുഹൃത്ത് അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തിലെ പാര്‍ട്ടി നിലപാട് ചോദ്യ ചിഹ്നമായി മാറുന്നുണ്ട്.