ലോട്ടറി അടിക്കുമോ കൊല്ലത്തിന്; ആഴക്കടലില്‍ ക്രൂഡ് ഓയില്‍ സാന്നിദ്ധ്യമുള്ള ബ്ലോക്കുകള്‍ തിരിച്ചറിഞ്ഞതായി സൂചന
കുറച്ചു കാലമായി ട്രോളുകളില്‍ നിറഞ്ഞു നിന്ന കൊല്ലത്തിനും കേരളത്തിനും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. കൊല്ലത്തിന്റെ ആഴക്കടലില്‍ ക്രൂഡ് ഓയില്‍ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകള്‍ തിരിച്ചറിഞ്ഞതായി സൂചന. ഇവയില്‍ കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിക്കും. ഇതില്‍ ഒരു ബ്ലോക്കില്‍ പര്യവേഷണത്തിന് പുറമേ ഖനനത്തിനും പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഡല്‍ഹി ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയുമായി ധാരണയില്‍ എത്തിയതായും സൂചനയുണ്ട്.
ഇന്ധന സാന്നിദ്ധ്യം കണ്ടെത്താനുള്ള മൂന്ന് ഘട്ടങ്ങളായുള്ള പര്യവേഷണം ആയിരിക്കും ആദ്യം നടക്കുക. ഇതിനായി കൂറ്റന്‍ സര്‍വ്വേ കപ്പല്‍ വാടകയ്ക്ക് എടുക്കാനുള്ള ഒരുക്കങ്ങള്‍ ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ കപ്പലില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ബോട്ടുകളും അകറ്റിനിര്‍ത്താനും കപ്പലിന് ഇന്ധനവും ജീവനക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ ചുറ്റും ടഗുകള്‍ ഉണ്ടാകും. പര്യവേഷണ സമയത്ത് ടഗുകള്‍ വഴി കപ്പലില്‍ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും.
ഇന്ധനസാന്നിദ്ധ്യം സ്ഥിരീകരിച്ചാല്‍ അടുത്ത വര്‍ഷം പകുതിയോടെ ഖനനത്തിനാണ് ആലോചന. കടലിന് നടുവില്‍ ഇരുമ്പ് കൊണ്ട് കൂറ്റന്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചാകും ഖനനം. ഈ പ്ലാറ്റ്‌ഫോം വഴി കടലിന്റെ അടിത്തട്ടിലേക്ക് കൂറ്റന്‍ പൈപ്പ്‌ലൈനുകള്‍ കടത്തിവിടും. ഖനനം ആരംഭിക്കുകയാണെങ്കില്‍ കൂറ്റന്‍ പൈപ്പ് ലൈനുകള്‍ കൊല്ലം പോര്‍ട്ടില്‍ സംഭരിക്കുന്നതിന്റെ സൗകര്യം സംബന്ധിച്ച പരിശോധനയും നടന്നിട്ടുണ്ട്. ജില്ലക്കും സംസ്ഥാനത്തിനും പുരോഗത്തില്‍ ഒരു കുതിച്ചു ചാട്ടം ആകും ഇതിലൂടെ ലഭിക്കുക.