ഭാരത് ജോഡോ യാത്രക്കെതിരെ വിമര്‍ശനം ; മോദിയുടെയും അമിത് ഷായുടെയും കൊട്ടേഷന്‍ ഏറ്റെടുത്ത് പിണറായി : കെ.സി വേണുഗോപാല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കൊട്ടേഷന്‍ ഏറ്റെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാരത് ജോഡോ യാത്രക്കെതിരെ വിമര്‍ശനം ഉന്നയിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ ആരോപണങ്ങളോട് രാഹുല്‍ഗാന്ധി മൗനം പാലിക്കുമ്പോഴും മറ്റു നേതാക്കള്‍ പ്രത്യാക്രമണം തുടരുകയാണ്. ഭാരത് ജോഡോ യാത്രക്കെതിരായ കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത് എത്തിയത്.

പര്യടനം ഇപ്പോള്‍ തൃശൂര്‍ ജില്ലയിലാണ്. ആരോപണങ്ങളും വിമര്‍ശനങ്ങളും തുടരുമ്പോഴും വലിയ വരവേല്‍പ്പാണ് രാഹുല്‍ഗാന്ധിക്കും ഭാരത് ജോഡോ യാത്രക്കും ലഭിക്കുന്നത്. പേരാമ്പ്രയില്‍ നിന്ന് ആരംഭിച്ച ഇന്നത്തെ പര്യടനം വൈകിട്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സമാപിക്കും. മത സമുദായിക രംഗത്തെയും സാഹിത്യ മേഖലയിലെയും പ്രമുഖരുമായി രാഹുല്‍ഗാന്ധി ഇന്ന് കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ചു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കനത്ത ചൂടിലും ഇന്ന് രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയില്‍ പങ്കെടുത്തു.