പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തു ; ശ്രമിച്ചത് ഇസ്ലാമിക ഭരണം നടപ്പാക്കാന്‍
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തു കേരളത്തിലെ പല പ്രമുഖരെയും കൊലപ്പെടുത്താന്‍ സംഘടന ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. ഒരു സമുദായത്തിലെ പ്രമുഖരെ മാത്രം ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍.ഐ.എ വെളിപ്പെടുത്തി. തുടര്‍ നടപടികള്‍ വേണമെന്നും ഹിറ്റ് ലിസ്റ്റ് അടക്കമുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കി എന്‍.ഐ.എ അറിയിച്ചു. എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്‍.ഐ.എ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ പ്രതികള്‍ കോടതി വളപ്പില്‍ ആര്‍എസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചു. മുമ്പ് ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകത്തിന് ശേഷം കേരള പൊലീസിനും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. മാപ്പ് അടക്കമുള്ള രേഖകള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷം ജൂലൈ 12ന് ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.