കേരളത്തില്‍ ഇന്നലെ നടന്നത് ആസൂത്രിതമായ അക്രമ പ്രവര്‍ത്തനം ; അവസാനം പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൗനം ലംഘിച്ചു മുഖ്യമന്ത്രി

ഒരു ദിവസത്തെ മൗനത്തിനു ശേഷം അവസാനം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്ന അക്രമങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇന്നലെ നടന്നത് ആസൂത്രിതമായ അക്രമ പ്രവര്‍ത്തനമാണെന്നും തീര്‍ത്തും അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹര്‍ത്താലില്‍ സ്വീകരിക്കുന്ന നിയതമായ മാര്‍ഗമുണ്ട്, അതൊന്നും പാലിക്കാതെയായിരുന്നു അത് ആഹ്വാനം ചെയ്തവരുടെ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസുകള്‍ക്ക് നേരെ ഉള്‍പ്പെടെ ആക്രമണം നടത്തി. മുഖം മൂടി ധരിച്ച് ആസൂത്രിതമായ ആക്രമണം. തീര്‍ത്തും അപലപനീയം. ഒരുപാടു പേര്‍ക്ക് പരിക്കേറ്റു. പൊതു അന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായത്.

പോലീസ് ശക്തമായി ഇടപെട്ടു. ഇനിയും ശക്തമായി ഇടപെടുക തന്നെ ചെയ്യും. കുറേപ്പേരെ പിടികൂടി. ഇനിയും പിടികൂടാനുണ്ട്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഇന്നലെ അക്രമം നടത്തിയവരെ ഒപ്പം നിറുത്തിയവരുണ്ട്. തത്കാല നേട്ടത്തിന് ഇവരെ ഒപ്പം കൂട്ടിയവര്‍ ആലോചിക്കണം. വര്‍ഗീയതയ്ക്ക് വര്‍ഗീയത സൃഷ്ടിക്കാന്‍ മാത്രമേ കഴിയൂ. വാക്കാലോ നോക്കാലോ ഇക്കൂട്ടരെ ഒപ്പം ചേര്‍ക്കുന്നവര്‍ ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഹര്‍ത്താലിനിടെ പോലീസ് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികവാര്‍ന്ന പോലീസാണ് കേരളത്തിലേത്. ജനവിരുദ്ധ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ പോലീസ് മുന്നോട്ടു പോകുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.ആപത്കരമായ വര്‍ഗീയത സമൂഹത്തില്‍ ഭീതി ഉയര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആപത്തില്‍ നിന്ന് മുക്തമായ നാടാണ് കേരളം. ഇവിടെയും വര്‍ഗീയ ശക്തികളുണ്ട്. കേരളത്തിനുള്ളിലെ വര്‍ഗീയ ശക്തിയെയും കേരളത്തിനു പുറത്തെ വര്‍ഗീയ ശക്തിയെയും നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ പോലീസിനു കഴിയുന്നു. വര്‍ഗീയ ശക്തികളുമായി സമരസപ്പെടാന്‍ മറ്റു ചിലര്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയുടെ നയം രാജ്യത്ത് നടപ്പാകുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. ആഹാരത്തിന്റെ പേരില്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായി. ട്രെയിന്‍ യാത്രയില്‍ വര്‍ഗീയതയുടെ പേരില്‍ ആളുകളെ കൊന്ന സംഭവമുണ്ടായി. ന്യൂനപക്ഷ വര്‍ഗീയതയുടെ ഭാഗമായ നീക്കങ്ങളുമുണ്ടാകുന്നു. ഭൂരിപക്ഷ വര്‍ഗീയതയില്‍ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ന്യൂനപക്ഷം സംഘടിക്കുന്നത് ആത്മഹത്യാപരമാണ്. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയല്ല വേണ്ടത്. രണ്ടും അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയെ തടയാന്‍ കേരളത്തിലെ പൊലീസിന് കഴിഞ്ഞെന്നും കേരളം വര്‍ഗീയതയെ താലോലിക്കുന്ന നാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളത്തിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍കൊണ്ട് വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.