കോടതി വ്യവഹാരത്തിലൂടെ ചിരട്ടപ്പാല്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്
അഡ്വ: വിസി സെബാസ്റ്റ്യന്‍
കോട്ടയം: കോടതിവിധി നേടിയെടുത്ത് ചിരട്ടപ്പാല്‍ ഇറക്കുമതിക്ക് ബ്ലോക്ക് കമ്പനികള്‍ നടത്തുന്ന ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റബര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ നിഷ്ക്രിയവും നിശബ്ദവുമായ സമീപനം സ്വീകരിച്ചിരിക്കുന്നത് കര്‍ഷക ദ്രോഹമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.
റബ്ബര്‍ ആക്ട് എട്ടാം വകുപ്പ് 3 എ പ്രകാരമാണ് ബ്ലോക്ക് റബര്‍ കമ്പനികള്‍ കോടതിവിധിക്കായി ശ്രമിക്കുന്നത്. ഈ മാസം ഇരുപത്തിയാറാം തീയതി കേസ് വീണ്ടും പരിഗണനയ്ക്കെടുക്കുന്നു. റബര്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കായി റബര്‍ ഇറക്കുമതി കയറ്റുമതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ഉപദേശം നല്‍കേണ്ട റബര്‍ ബോര്‍ഡ് ഉത്തരവാദിത്വം നിര്‍വഹിക്കണം എന്നാണ് ഇക്കൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെടുന്നത് ഈ വകുപ്പ് പ്രകാരമുള്ള വിധി നേടിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ പിന്നില്‍ റബ്ബര്‍ ബോര്‍ഡിനെ സഹായിക്കുക എന്നതാണ്. കോടതിവിധി അനുകൂലമായി വന്നാല്‍ അതിന്റെ മറവില്‍ ചിരട്ടപ്പാലിന്റെ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ റബ്ബര്‍ ബോര്‍ഡിന് മുന്‍കാലങ്ങളില്‍ തയ്യാറാക്കി സമര്‍പ്പിച്ച് തള്ളിക്കളഞ്ഞ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്ത് വ്യവസായികളെ സംരക്ഷിക്കാം.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന് മുമ്പില്‍ കോടതിവിധി ബോധ്യപ്പെടുത്തുവാനും റബര്‍ ബോര്‍ഡിന് സാധിക്കും റബര്‍ബോര്‍ഡും വ്യവസായികളും തമ്മില്‍ നടത്തുന്ന ഒത്തുകളി മാത്രമാണ് ഇത്തരം കോടതി വ്യവഹാരങ്ങള്‍ എന്നുള്ളത് കര്‍ഷകര്‍ തിരിച്ചറിയണം. വില തകര്‍ച്ച നേരിടുന്ന റബര്‍ വിപണിക്ക് ഇത്തരം നീക്കങ്ങള്‍ വീണ്ടും വന്‍ പ്രഹരമാകും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞതും വിലക്കുറവുള്ളതുമായ അസംസ്കൃത റബ്ബറും ചിരട്ടപ്പാലും കോമ്പൗണ്ട് റബ്ബറും 10% ചുങ്കം കൊടുത്ത് ഇറക്കുമതിക്കും ഇടയാകും. റബര്‍ ബോര്‍ഡ് കര്‍ഷക വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്നും, കേന്ദ്രസര്‍ക്കാര്‍, കര്‍ഷക രക്ഷയ്ക്കായി ഇത്തരം വ്യവഹാരങ്ങളെ തള്ളിക്കളയണമെന്നും വിസി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.