വിഷം കുത്തിവയ്ക്കാന്‍ ഞരമ്പ് കണ്ടെത്താനായില്ല; അലബാമയില്‍ വധശിക്ഷ മാറ്റിവച്ചു

പി പി ചെറിയാന്‍

അലബാമ: പ്രതിയുടെ ശരീരത്തില്‍ വിഷം കുത്തിവയ്ക്കാന്‍ സാധിക്കാതിരുന്നതിനാല്‍ വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. മരകമായ വിഷം കുത്തിവയ്ക്കാന്‍, മൂന്നു മണിക്കൂര്‍ പലരും മാറിമാറി ശ്രമിച്ചിട്ടും ഞരമ്പ് ലഭിക്കാത്തതിനാല്‍ വധശിക്ഷ മാറ്റിവച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 22 വ്യാഴാഴ്ച വൈകിട്ട് അലബാമ പ്രിസണ്‍ ഡത്ത് ചേംമ്പറില്‍ വച്ചാണ് അലന്‍ മില്ലറുടെ(57) വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്.

1999 ല്‍ ജോലി സ്ഥലത്തു നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ മരിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാള്‍ക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

വ്യാഴാഴ്ച അര്‍ധരാത്രിക്കു മുന്‍പ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ വിഷം കുത്തിവയ്ക്കാന്‍ ഞരമ്പ് കിട്ടാതിരുന്നതോടെ രാത്രി 11.30ന് ഇയാളെ ഡെത്ത് ചേംമ്പറില്‍ നിന്നും സൗത്ത് അലബാമയിലെ സാധാരണ ജയിലിലേക്ക് മാറ്റി.

പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളില്‍ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നു പേരുടെയും കുടുംബാംഗങ്ങള്‍ ഇപ്പോഴും ദുഃഖത്തിലാണെന്നും ഗവര്‍ണര്‍ കെ. ഹൈവി പറഞ്ഞു.

നിരവധി നീതിന്യായ കോടതികള്‍ കയറിയിറങ്ങിയ ഈ കേസില്‍ അവസാനം യുഎസ് സുപ്രിം കോടതി തന്നെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

തന്റെ കക്ഷി മൂന്നു മണിക്കൂര്‍ നേരം അതീവ വേദനയിലായിരുന്നുവെന്നും ഈ ക്രൂരതയ്‌ക്കെതിരെ ബന്ധപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും അലന്‍ മില്ലറുടെ അറ്റോര്‍ണി പറഞ്ഞു.