നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു
ഓണ്‍ലൈന്‍ അവതാരകയെ അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി കുറച്ചു കഴിഞ്ഞു താരത്തിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കുന്നതിനിടെയാണ് ശ്രീനാഥ് ഭാസി വനിതാ അവതാരകരോട് മോശമായി പെരുമാറിയത്. ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസി തെറിവിളിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. മൂന്ന് ക്യാമറകളും ഓഫാക്കിച്ച ശേഷം ശ്രീനാഥ് ഭാസി വളരെ മോശമായ ഭാഷയില്‍ അസഭ്യം പറയുകയായിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുപ്രകാരം അഭിമുഖത്തിനായി അങ്ങോട്ടുപോകുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറഞ്ഞു. മോശമായി പെരുമാറിയതോടെ അഭിമുഖം അവസാനിപ്പിച്ച് മടങ്ങിപ്പോകാന്‍ ഒരുങ്ങിയ തങ്ങളെ തിരികെവിളിച്ച് സോറി പറഞ്ഞശേഷം വീണ്ടും അപമര്യാദയായി പെരുമാറിയതായി പരാതിക്കാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും വനിതാ അവതാരക പരാതി നല്‍കിയിട്ടുണ്ട്.