കല്യാണത്തിന് ക്ഷണിക്കാത്തവരും ഇടിച്ചുകയറി ; ഭക്ഷണത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍
ക്ഷണിക്കാത്ത വിവാഹത്തിന് പോയ് തിന്നു മുടിക്കുന്നവരുടെ വാര്‍ത്തകള്‍ ഇടയ്ക്ക് നാം പത്രമാധ്യമങ്ങളില്‍ കാണാറുണ്ട്. അവരെ പിടിച്ചു പുറത്താക്കുന്നതും അതിന്റെ പേരിലുള്ള അടിപിടികളും സാധാരണമാണ് ഇപ്പോള്‍. അത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറിയതോടെ ഭക്ഷണം വിളമ്പുന്നിടത്ത് പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നടന്ന വിവാഹത്തിലാണ് സദ്യ കഴിക്കാനെത്തിയവര്‍ക്ക് ആധാര്‍ കാര്‍ഡും കാണിക്കേണ്ടിവന്നത്. വിവാഹത്തിന് പ്രതീക്ഷിച്ചതില്‍ അധികം ആളുകള്‍ എത്തിയതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായത്.
സെപ്റ്റംബര്‍ 21-നായിരുന്നു വിവാഹം. എന്നാല്‍ വിവാഹം നടന്ന ഹാളില്‍ ഭക്ഷണം വിളമ്പുന്നത് ആരംഭിച്ചതോടെ നിരവധിപേര്‍ ഇരച്ചെത്തുകയായിരുന്നു. ഇതോടെയാണ് വധുവിന്റെ വീട്ടുകാര്‍ ആധാര്‍ കാര്‍ഡ് കാണിക്കുന്നവരെ മാത്രം ഹാളിലേക്ക് പ്രവേശിപ്പിച്ചത്. വരന്റെ കൂട്ടരില്‍നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് അവര്‍ക്കൊപ്പം വന്നവരെ തിരിച്ചറിയാനായി ആധാര്‍ കാര്‍ഡ് പരിശോധിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ചെയ്തതോടെ കുറെ പേര് പിരിഞ്ഞു പോയ് എന്നും വാര്‍ത്തകള്‍ ഉണ്ട്.