ബി ഫ്രണ്ട്സ് ഉത്സവ് 22: കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ആവേശമേറിയ പോരാട്ടങ്ങളുടെ കായികമാമാങ്കത്തിനു പരിസമാപ്തി
ഓണാഘോഷത്തിന്റെയും, ഇരുപതാം വാര്ഷികത്തിന്റെയും ഭാഗമായി ബി ഫ്രണ്ട്സ് സെപ്തംബര് 24നു കായികപ്രേമികള്‍ക്കായി ഒരുക്കിയ വടംവലി മത്സരത്തിനും, ചീട്ടുകളി മത്സരത്തിനും സൂറിച്ചില്‍ ഗ്രുണിങ്ങനിലെ മനോഹരമായ ഹാളില്‍ ആവേശോജ്വലമായ സമാപനം.
സംഘടനാ സെക്രെട്ടറി ബോബ് തടത്തിലിന്റെ ആമുഖ പ്രസംഗത്തിനുശേഷം പ്രസിഡന്റ് ടോമി തൊണ്ടാംകുഴി മത്സരത്തില്‍ പങ്കെടുക്കുവാനെത്തിയവര്‍ക്കും, അവരെ പ്രോത്സാഹിപ്പിക്കുവാന്‍ എത്തിയ കാണികള്‍ക്കും കൂടാതെ അതിഥികള്‍ക്കും ഉത്സവ് 22വിന്റെ ഉല്‍ഘാടനത്തിനായി റോമില്‍ നിന്നുമെത്തിയ ഫാദര്‍ മാത്യുവിനും സ്വാഗതമേകി. തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ സംഘടനയുടെ ഇരുപതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ഉത്സവ് 22 വിന്റെ ഔപചാരികമായ ഉല്‍ഘാടനം ഫാദര്‍ മാത്യു നിര്‍വഹിച്ചു.
തുടര്‍ന്ന് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സായ ജോസ് പെല്ലിശേരിയും, ജിമ്മി കൊരട്ടിക്കാട്ടുതറയിലും സംസാരിച്ചു. വടം വലി മത്സരം നിയന്ത്രിക്കാനെത്തിയ ബിനു കാരെകാട്ടില്‍ മത്സരത്തിലെ പൊതു നിയമങ്ങള്‍ വിശദീകരിച്ചു.
തുടര്‍ന്ന് കളിക്കളത്തില്‍ കാണികള്‍ക്കു ആവേശമേകി വടം വലി ടീമുകള്‍ കളത്തിലിറങ്ങി. ലിജിമോന്‍ മനയില്‍ കോച്ചായി ശ്രീ ആല്‍ഫിന്‍ തെനംകുഴിയില്‍ ക്യപ്റ്റനായി ഇറങ്ങിയ കൂത്താട്ടം ടീമും, ജോര്‍ജകുട്ടി പുത്തന്‍കുളം കോച്ചായി ജോജോ വിചാട്ട് ക്യപ്റ്റനായി ഇറങ്ങിയ തെമ്മാടിക്കൂട്ടം ടീമും, ജോസ് പെല്ലിശേരി കോച്ചായി ജെവിന്‍ പെല്ലിശേരി ക്യപ്റ്റനായി ഇറങ്ങിയ തനി നാടന്‍ബോയ്സ് ടീമും തമ്മില്‍ നടന്ന മത്സരം കാണികളില്‍ വളരെ അധികം ആവേശം സൃഷ്ട്ടിച്ചു.
പതറാത്ത കരുത്തില്‍ കമ്പം മുറുകിയപ്പോള്‍ ഗ്രുണിങ്ങനിലെ ഹാളില്‍ ആര്‍പ്പുവിളി മുഴങ്ങി. തെമ്മാടിക്കൂട്ടം ടീമും കൂത്താട്ടം ടീമും ഒപ്പത്തിനൊപ്പം പോരടിച്ച് അടിതെറ്റാതെ മനോഹര ചുവടുകളോടെ മുന്നേറിയപ്പോള്‍ കാണികള്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തി. വാശിയേറിയ മത്സരത്തിനൊടുവില്‍ കൂത്താട്ടം ടീമിന് ഫൈനലിലേക്ക് പ്രവേശനമായി.
തനി നാടന്‍ബോയ്സ് ടീമും, കൂത്താട്ടം ടീമും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരവേദിയില്‍ തീപാറി. മിന്നും മത്സരത്തിനൊടുവില്‍ തനി നാടന്‍ബോയ്സ് വിജയകിരീടമണിഞ്ഞു. ഗോള്‍ഡന്‍ റൂട്ട്‌സ് ട്രാവെല്‍സ് നല്‍കിയ എവര്‍റോളിങ് ട്രോഫിയും,സംഘടന നല്‍കുന്ന ക്യാഷ് പ്രെയ്സും സമ്മാനമായി നല്‍കി. രണ്ടാം സ്ഥാനത്തിനര്‍ഹരായ കൂത്താട്ടം ടീമിന് സംഘടനയുടെ ക്യാഷ് പ്രെയ്സും സമ്മാനമായി നല്‍കി. ബിനു കാരെകാട്ടില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു സഹായത്തിനായി ജെയിന്‍ പന്നാരക്കുന്നേലും റഫറിയുടെ വേഷമിട്ടു. മത്സരത്തിനുശേഷം കൂത്താട്ടം ടീമിന്റെ കോചായ ലിജിമോന്‍ ,മറ്റു ടീമുകളുടെ ക്യപ്റ്റന്‍മാരായ ജോജോ വിചാട്ട്, ജെവിന്‍ പെല്ലിശേരി എന്നിവര്‍ സംസാരിച്ചു.
കുറച്ചാളുകള്‍ക്കു മുന്നില്‍ പുള്ളികളും അക്കങ്ങളും ചിത്രങ്ങളുമടങ്ങിയ ബഹുവര്‍ണകാര്‍ഡുകള്‍ അടുക്കിവെച്ചിരിക്കുന്നു.. അവയില്‍ കുറച്ചെണ്ണം ആ കൂടിയിരിക്കുന്നവരുടെ കൈകളില്‍ വിടര്‍ന്നിരിക്കുന്നു. കുറച്ചെണ്ണം മുന്നില്‍ ചിതറിക്കിടക്കുന്നു. കൈയിലുള്ള കാര്‍ഡുകള്‍ ചിലര്‍ മുന്നിലേയ്ക്കിടുന്നു. വേറെ ചിലത് മുന്നില്‍നിന്നും എടുത്ത് കൈയ്ക്കുള്ളിലാക്കുന്നു… ഒറ്റനോട്ടത്തില്‍ കാണുന്നവര്‍ക്ക് ഇതാണ് ചീട്ടുകളി എന്നാല്‍ കണികള്‍ക്കാവേശം നല്‍കി മത്സരാര്‍ത്ഥികള്‍ പിരിമുറക്കത്തില്‍ നില്‍ക്കുന്നതാണ് ചീട്ടുകളി മത്സരങ്ങള്‍.
ആവേശമേറിയ കായികമാമാങ്കമായ വടംവലി മത്സരത്തിനു ശേഷം ഉത്സവ് 22 ലെ രണ്ടാം മത്സരയിനമായ ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ചീട്ടുകളി മത്സരത്തിനു തുടക്കമായി …വാശിയേറിയ 56 ഇന മത്സരത്തില്‍ ബോബ് തടത്തില്‍, പ്രിന്‍സ് കാട്രുകുടിയില്‍, പൗലോസ് കൂവല്ലൂര്‍ എന്നിവരുടെ ടീമ് ജെയിംസ് തെക്കേമുറി, ടോമി തൊണ്ടാംകുഴി, ജെയിന്‍ പന്നാരക്കുന്നേല്‍ എന്നിവരുടെ ടീമിനെ നിസ്സാര പോയിന്റുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി.
ഗുലാന്‍ പരിശ് അഥവാ തുറുപ്പുകളി വിഭാഗത്തില്‍പ്പെട്ട ഏറ്റവും അടിസ്ഥാനപരമായ ചീട്ടുകളിയാണ് ഇരുപത്തിയെട്ട്. കേരളത്തിലെ എറ്റവും പ്രിയപ്പെട്ട ചീട്ടുകളികളിലൊന്നാണിത് അതുപോലെ സ്വിറ്റസര്‍ലണ്ടിലും. വാശിയേറിയ 28 കളി മത്സരത്തില്‍ ആന്റന്‍സ് വേഴെപ്പറമ്പില്‍, സിജി തോമസ് കൂട്ടുകെട്ട് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ജോര്‍ജുകുട്ടി പുത്തന്‍കുളം ഡേവിസ് വടക്കുംചേരി എന്നിവരുടെ കൂട്ടുകെട്ട് രണ്ടാം സ്ഥാനവും നേടി.
ചൈനീസ് ചീട്ടുകളിയായ ഖാന്‍ഹൂവില്‍നിന്നുമാണ് റമ്മി ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ചീട്ടുകളിയില്‍ പ്രധാനപ്പെട്ട ഒരിനവുമാണ് റമ്മി ..ആലോചനയും, ശ്രെദ്ധയും, ബുദ്ധിയും ഭാഗ്യവും ഒന്ന് ചേരുമ്പോള്‍ ആണ് റമ്മിയില്‍ വിജയിയാകുന്നത്. ഉത്സവ് 22 ലെ ദീര്‍ഘമായ റമ്മി മത്സരത്തില്‍ ജോര്‍ജ്കുട്ടി പുത്തന്‍കുളം ഒന്നാം സമ്മാനവും, ജിമ്മി ശാസ്താംകുന്നേല്‍ രണ്ടാം സമ്മാനവും കരസ്ഥമാക്കി.
ബി ഫ്രണ്ട്സ് ഒരുക്കിയ ഉത്സവ് 22 ന്റെ വിജയത്തിനായി കോര്‍ഡിനേറ്റേഴ്സിനൊപ്പം എക്‌സികുട്ടീവ് അംഗങ്ങളായ ഡേവിസ് വടക്കുംചേരി, ജോ പത്തുപറയില്‍, ടോണി ഉള്ളാട്ടില്‍, പ്രിന്‍സ് കാട്രുകുടിയില്‍, അഗസ്റ്റിന്‍ മാളിയേക്കല്‍, ബിന്നി വെങ്ങാപ്പിള്ളില്‍, ജിമ്മി ശാസ്താംകുന്നേല്‍, റെജി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.