പടക്കം വീണ്ടും ബോംബ് ആയി ; എകെജി സെന്ററിലേക്ക് എറിഞ്ഞത് പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തു എന്ന് സര്‍ക്കാര്‍

എകെജി സെന്ററിലേക്ക് ആക്രമണം നടന്ന ഉടനെ സി പി എം നേതാക്കള്‍ പറഞ്ഞത് ബോംബ് ആണ് എറിഞ്ഞത് എന്നാണ്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് സാധാരണ എറി പടക്കമാണ് എന്നാണ് പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ വമ്പന്‍ ട്വിസ്റ്റ് ആണ് ആ വിഷയത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഇത്തരം ചെറിയൊരു സ്‌ഫോടനത്തില്‍ നിന്നാണ് പുറ്റിങ്ങലില്‍ നൂറുകണക്കിന് പേരുടെ ജീവന്‍ നഷ്ടമായ ദുരന്തം സംഭവിച്ചത്. അത്തരം വ്യാപ്തിയുള്ള കൃത്യമാണ് ജിതിന്‍ ചെയ്‌തെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, സാധാരണക്കാരനായ ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു ഡ്രൈവര്‍ മാത്രമായ ജിതിന്‍ എങ്ങനെ ഭരണ കക്ഷിയിലെ പ്രധാന പാര്‍ട്ടി നല്‍കിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രതിഭാഗം ചോദിച്ചത്. 180 സിസിടിവി പരിശോധിച്ചിട്ടും പൊലീസ് എന്തുകൊണ്ട് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞില്ലന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ജിതിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അടുത്ത മാസം ആറ് വരെയാണ് ജിതിനെ റിമന്‍ഡ് ചെയ്തിരിക്കുന്നത്. ജിതിനെതിരായ തെളിവുകള്‍ ലഭിച്ചതിനാല്‍ വീണ്ടും കസ്റ്റഡയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നില്ല. എകെജി സെന്റര്‍ ആക്രണത്തിലെ ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ളതിനാല്‍ ജിതിന് ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും നിര്‍ണായകമായ ഒരു തെളിവും കണ്ടെത്തിയില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

അതേസമയം, എകെജി സെന്റര്‍ ആക്രമണക്കുമ്പോള്‍ പ്രതിയായ ജിതിന്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ട് വേളിക്കായലില്‍ ഉപേക്ഷിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അക്രമണ സമയത്ത് ജിതിന്‍ ഉപയോഗിച്ച ടീഷര്‍ട്ട്, ഷൂസ്, സ്‌കൂട്ടര്‍ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസ് ജിതിനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നതില്ല. മറ്റൊരു പ്രധാന തെളിവായ ടീഷര്‍ട്ട് വേളിക്കായലില്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം താന്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല എന്നാണ് ജിതിന്‍ ആവര്‍ത്തിക്കുന്നത്. പോലീസ് ഭീഷണിപ്പെടുത്തിയാണ് ഓരോന്ന് ചെയ്യിക്കുന്നത് എന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.