വിരൂപയെന്നു വിളിച്ചു കളിയാക്കി ; ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്ന ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി

ചത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അനന്ത് സോന്വാനി എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സംഗീത സോന്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിറത്തെ ചൊല്ലിയും വിരൂപയാണെന്ന് പറഞ്ഞും ഭര്‍ത്താവ് യുവതിയെ നിരന്തരം കളിയാക്കുമായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഈ വിഷയത്തില്‍ ദമ്പതികള്‍ മുമ്പും പല തവണ വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രിയിലും ഇതേച്ചൊല്ലി വഴക്കുണ്ടായി. വഴക്ക് മൂര്‍ഛിച്ചതോടെ കോടാലിയെടുത്ത് യുവതി ഭര്‍ത്താവിനെ വെട്ടുകയായിരുന്നു. ഭര്‍ത്താവ് ഉടന്‍ തന്നെ മരിച്ചു. ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയും ചെയ്തു.

ഭര്‍ത്താവിനെ മറ്റാരോ കൊന്നതാണെന്ന് യുവതി രാവിലെ അയല്‍വാസികളോട് പറഞ്ഞു. എന്നാല്‍, പൊലീസ് ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചു. യുവാവിന്റെ രണ്ടാം ഭാര്യയാണിവര്‍. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് യുവതിക്കെതിരെ കേസ് എടുത്തു. അന്വേഷണവും തുടര്‍നടപടികളും പുരോ?ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.