ഇറാന്‍ ഗവണ്‍മെന്റിനെതിരെ ഡാളസ്സില്‍ വന്‍ പ്രതിഷേധം

പി.പി ചെറിയാന്‍

പ്ലാനോ(ഡാളസ്): ഇറാന്‍ ഗവണ്‍മെന്റ് കസ്റ്റഡിയില്‍ 22 വയസ്സുള്ള മേര്‍സര്‍ അമിനി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപുറപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നൂറുകണക്കിന് ഇറാനിയന്‍ വംശജര്‍ പങ്കെടുത്ത പ്രതിഷേധം ഡാളസ്സില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പ്ലാനോയില്‍ സ്ഥിതി ചെയ്യുന്ന ഡാളസ് മോണിംഗ് ന്യൂസ് പരിസരത്താണ് പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത്.

നിലവിലുള്ള ഗവണ്‍മെന്റ് അധികാരത്തിലെത്തി 40 വര്‍ഷം നടത്തിയ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ ഉള്ളിലൊതുക്കി കഴിഞ്ഞതിന്റെ ഒരു പൊട്ടിത്തെറിയാണ് ഇറാനില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു, ഇറാനില്‍ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ അസീസി പറഞ്ഞു.

സെപ്റ്റംബര്‍ 24 ശനിയാഴ്ചയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇറാന്‍ ഗവണ്‍മെന്റിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാവരേയും, സംഘാടകരിലൊരാളായ ഷഹാബി അഭിനന്ദിച്ചു. അസാധാരണ പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങള്‍ അണിനിരന്നിരുന്നു. മുദ്രാവാക്യങ്ങള്‍ മുഴക്കിയും, പ്ലക്കാര്‍ഡു ഉയര്‍ത്തിയും പ്രകടനക്കാര്‍ മുന്നേറിയത്. പ്ലാനോ സിറ്റി ദര്‍ശിച്ച അപൂര്‍വ്വ സമരങ്ങളില്‍ ഒന്നായിരുന്നു.