ശ്രീനാഥ് ഭാസിക്ക് വിലക്ക് ; മയക്കുമരുന്നിന് അടിമകളായവര്‍ സിനിമയില്‍ വേണമെന്നില്ല എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
യുവനടന്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ശ്രീനാഥ് ഭാസിക്കെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചതായും പരാതിക്കാരിയോട് ഖേദം പ്രകടിപ്പിച്ചതായും നേതാക്കള്‍ വ്യക്തമാക്കി. നിലവില്‍ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീര്‍ക്കാന്‍ അനുവദിക്കും. അതിനു ശേഷം സിനിമകളില്‍ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. കരാറില്‍ നിന്നും കൂടുതല്‍ വാങ്ങിയ തുക ശ്രീനാഥ് ഭാസി തിരിച്ചു നല്‍കും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാല്‍ തങ്ങളേക്കൊണ്ട് പറ്റുന്ന രീതിയില്‍ നടപടിയെടുക്കുമെന്നും സംഘടന വ്യക്തമാക്കി.
അതുപോലെ മലയാള സിനിമയില്‍ പെരുമാറ്റച്ചട്ടം ആവശ്യമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സിനിമ മേഖലയില്‍ ലഹരി ഉപയോഗത്തില്‍ മാറ്റം വന്നിട്ടില്ല. പൊലീസിന് ലൊക്കേഷനില്‍ ഉള്‍പ്പെടെ പരിശോധന നടത്താം. മയക്കുമരുന്നിന് അടിമകളായവര്‍ മലയാള സിനിമയില്‍ വേണമെന്നില്ല.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന ഏതൊരു അന്വേഷണത്തിലും സഹകരിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ലഹരി മരുന്ന് ഉപയോഗം സിനിമയില്‍ തുടരുന്നു. പൊലീസിന് സെറ്റുകളില്‍ പരിശോധന നടത്താം. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തേക്കുറിച്ചുള്ള പോലീസ് അന്വേഷണങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും സംഘടന വ്യക്തമാക്കി.
പത്രമാധ്യമങ്ങളില്‍ കാണുന്നു മയക്കുമരുന്നു സംഘങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സിനിമകള്‍ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കില്‍ പൂര്‍ണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിര്‍മാതാക്കള്‍ നല്‍കും. ലൊക്കേഷനില്‍ പൊലീസിന് പരിശോധിക്കാം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. എന്തുനടപടി വേണമെങ്കിലും സ്വീകരിക്കാം. പരാതികള്‍ ഉണ്ടെങ്കില്‍ നടപടി എടുക്കണം. സെലിബ്രിറ്റികള്‍ അത് പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാല്‍ പുതിയ തലമുറ നശിക്കും. ഇതെല്ലാം പുറത്തുകൊണ്ടുവരണം. അത് സിനിമയ്ക്ക് ഗുണമേ ചെയ്യൂവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.