കളിയാക്കി വെച്ച ബാനറിനു അടുത്ത് തന്നെ പാര്‍ട്ടി ഓഫീസില്‍ രാഹുലിനെ കാണാന്‍ സ്ത്രീകളുടെ നിര

‘ഭാരത് ജോഡോ യാത്ര’ നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സി പി എം, ഡി വൈ എഫ് ഐ എന്നിങ്ങനെ ധാരാളം ബാനറുകളും പോസ്റ്ററും അടിച്ചിറക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന് എതിരെയാണ് യാത്ര എന്ന് പലവട്ടം ആവര്‍ത്തിച്ച് പറഞ്ഞിട്ടും സി പി എം ആക്രമണം തുടരുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. പോരാളി ഷാജി , ഐ സി യു പോലുള്ള ഇടത് പക്ഷ പേജുകള്‍ രൂക്ഷമായ പരിഹാസ പോസ്റ്റുകള്‍ ആണ് പടച്ചു വിടുന്നത്. എന്നാല്‍ ചില പോസ്റ്റ് ഒക്കെ അവര്‍ക്ക് തന്നെ പണിയായി മാറിക്കഴിഞ്ഞു.

അത്തരത്തില്‍ ഒന്നാണ് മലപ്പുറം പെരിന്തല്‍മണ്ണയിലെ സിപിഎം ഓഫീസിന് മുന്‍പില്‍ ഡിവൈഎഫ്‌ഐ ബാനര്‍. സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ‘രാഹുല്‍ ഗാന്ധിയെ ഒന്നു കാണാന്‍ നാട്ടുകാര്‍ പെരിന്തല്‍മണ്ണയിലെ ഒരു ‘ചൊറിച്ചില്‍’ മന്ദിരത്തിന് മുന്‍പില്‍ നില്‍ക്കുന്ന മനോഹര കാഴ്ച’ – എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ് ഫേസ്ബുക്കില്‍ കുറിച്ചത്. കൂടാതെ, രാഹുലിനെ ഒരുനോക്ക് കാണാന്‍ സി.പി.എം ഓഫിസിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്ന സ്ത്രീകളുടെ നീണ്ട നിരയുടെ ചിത്രവും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. സ്ത്രീകളുടെ സമീപത്ത് രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന ഡിവൈഎഫ്‌ഐ ബാനറും ചിത്രത്തില്‍ കാണാം.’കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസ്സുമായി ജനങ്ങള്‍’ എന്ന് ചിത്രം പങ്കുവെച്ച് വി ടി ബല്‍റാമും ഫേസ്ബുക്കില്‍ കുറിച്ചു.

കമ്യൂണിസ്റ്റ് ആചാര്യനും സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ജന്മദേശം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മലപ്പുറം ജില്ലയിലെ ഏലംകുളം. ഇവിടെയാണ് രാഹുലിനെ പരിഹസിക്കുന്ന ബാനര്‍ കെട്ടിയ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസായ ഇ എം എസ്- എ കെ ജി സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത്. മലപ്പുറം ചെറുകരയിലെ ഏലംകുളം സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആയ എ കെ ജി സ്മാരക മന്ദിരത്തിലാണ് രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന ഡിവൈഎഫ്‌ഐയുടെ പേരിലുള്ള ബാനര്‍ ഉയര്‍ന്നത്. ‘പൊറോട്ടയല്ല… പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്…’ എന്നാണ് ഡിവൈഎഫ്‌ഐ ഏലംകുളം കമ്മിറ്റിയുടെ പേരിലുള്ള കറുത്ത ബാനറില്‍ എഴുതിയിട്ടുള്ളത്. ഭാരത് ജോഡോ യാത്ര പുലാമന്തോള്‍ ജംഗ്ഷനില്‍ നിന്ന് പൂപ്പലത്തേക്ക് വരുന്ന വഴിയാണ് ബാനര്‍ കെട്ടിയിരിക്കുന്നത്.

അതിനിടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി. യാത്രയ്ക്ക് അനുമതിയുണ്ടെന്നും, യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത് കോടതി പരിഗണിച്ചു. യാത്ര ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ കെ. വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. നിയമവിരുദ്ധ നടപടികള്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.രാഹുല്‍ ഗാന്ധി, കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവരെ അടക്കം എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി.