കടലില്‍ റഷ്യന്‍ വാതക പൈപ്പ് ലൈനില്‍ ചോര്‍ച്ച ; ഭീകരാക്രമണം എന്ന് യുക്രൈന്‍

റഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള രണ്ട് പ്രധാന വാതക പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച . റഷ്യയിലെ വൈബോര്‍ഗ്, ഉസ്റ്റ് ലുഗാ എന്നീ നഗരങ്ങളില്‍ നിന്ന് ബാള്‍ട്ടിക്ക് കടലിലൂടെ ജര്‍മ്മനിയിലെ ഗ്രിഫ്‌സ്വാള്‍ഡ് നഗരത്തിലേക്കാണ് പൈപ്പ് ലൈനുകള്‍ എത്തി ചേരുന്നത്. ഇതില്‍ നോര്‍ഡ് സ്ട്രീമിന്റെ ഒന്ന് രണ്ട് പൈപ്പ് ലൈനുകളാണ് ചോര്‍ന്നത്. എന്നാല്‍ ഇവയുടെ ചോര്‍ച്ച് യൂറോപ്യന്‍ യൂണിയനോടുള്ള ആക്രമണമാണെന്ന് യുക്രൈന്‍ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. വരാനിരിക്കുന്ന ശീതകാലത്തിന് മുമ്പ് യൂറോപ്പില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവില്‍ റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് വാതക വിതരണമില്ലെങ്കിലും രണ്ട് പൈപ്പ് ലൈനുകളിലും വാതകം നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചേര്‍ച്ച കണ്ടെത്തുന്നതിന് മുമ്പ് കടലിനടിയില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി ഭൂകമ്പ ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഇവ സ്‌ഫോടനങ്ങളാണെന്നതില്‍ സംശയമില്ല,’ എന്ന് സ്വീഡനിലെ നാഷണല്‍ സീസ്‌മോളജി സെന്ററിലെ ബ്യോണ്‍ ലണ്ട് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏട്ടാം മാസത്തിലേക്ക് കടന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശം പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുമ്പോഴാണ് ബാള്‍ട്ടിക്ക് കടലില്‍ റഷ്യന്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയതെന്നതും ശ്രദ്ധേയം. റഷ്യയ്‌ക്കെതിരായി യുക്രൈന് പിന്തുണ നല്‍കുന്ന യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളോട് റഷ്യ പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എണ്ണ വില റഷ്യന്‍ കറന്‍സിയായ റൂബിളില്‍ നല്‍കണമെന്ന പിടിവാശിയും യുക്രൈന് സഹായം നല്‍കിയാല്‍ യൂറോപ്പിലേക്കുള്ള എണ്ണ വിതരണം നിര്‍ത്തലാക്കുമെന്ന് ഭീഷണിയും പുടിന്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി നോര്‍ഡ് സ്ട്രീമിന്റെ ഒന്ന് രണ്ട് പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച കണ്ടെത്തിയത്. ശീതകാലത്തിന് മുമ്പ് യൂറോപ്പില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പുടിന് യുദ്ധ മുഖത്ത് മറുപടി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍, തങ്ങള്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കി പിന്തുണ വര്‍ദ്ധിപ്പിക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൈപ്പ് ലൈന്‍ ചോര്‍ച്ച സ്വാഭാവികമല്ലെന്നുള്ള സംശയം ബലപ്പെട്ടു.

കടലിനടിയിലെ ലൈനുകള്‍ക്ക് ഒരേസമയം ‘അഭൂതപൂര്‍വമായ’ കേടുപാടുകള്‍ ഒരൊറ്റ ദിവസം തന്നെ സംഭവിച്ചതായി നോര്‍ഡ് സ്ട്രീം 1-ന്റെ ഓപ്പറേറ്റര്‍ പറഞ്ഞു. ഇതിനിടെ ദ്വീപിനടുത്തുള്ള ബാള്‍ട്ടിക് കടലിന്റെ ഉപരിതലത്തില്‍ കുമിളകള്‍ ഉയരുന്ന ചോര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഡെന്മാര്‍ക്കിന്റെ ഡിഫന്‍സ് കമാന്‍ഡ് പുറത്തുവിട്ടു. ചേര്‍ച്ച കടലില്‍ സൃഷ്ടിച്ച ഏറ്റവും വലിയ തരംഗത്തിന് ഏതാണ്ട് ഒരു കിലോമീറ്റര്‍ (0.6 മൈല്‍) വ്യാസമുണ്ടെന്ന് കാണിക്കുന്നു. എന്‍എസ് -1 ( നോര്‍ഡ് സ്ട്രീം 1) ല്‍ നിന്നുള്ള വാതക ചോര്‍ച്ച റഷ്യ ആസൂത്രണം ചെയ്ത ഒരു ഭീകരാക്രമണവും യൂറോപ്യന്‍ യൂണിയന് നേരെയുള്ള ആക്രമണവും അല്ലാതെ മറ്റൊന്നുമല്ലെന്നും യൂറോപ്പിലെ സാമ്പത്തിക സ്ഥിതിയെ അസ്ഥിരപ്പെടുത്താനും ശീതകാലത്തിന് മുമ്പ് പരിഭ്രാന്തി സൃഷ്ടിക്കാനും റഷ്യ ആഗ്രഹിക്കുന്നെന്നും യുക്രൈന്‍ പത്രപ്രവര്‍ത്തകനായ പോഡോലിയാക് ട്വീറ്റ് ചെയ്തു.