ഭര്‍ത്താവിന്റെ മാതാപിതാക്കളോടുള്ള ദേഷ്യം ; യുവതി പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തുഞെരിച്ച് കൊന്നു

ഭര്‍ത്താവിന്റെ മാതാപിതാക്കളോടുള്ള ദേഷ്യം തീര്‍ക്കാന്‍ യുവതി പതിനാറ് ദിവസം പ്രായമായ കുഞ്ഞുങ്ങളെ കഴുത്തുഞെരിച്ച് കൊന്നു വഴിയില്‍ ഉപേക്ഷിച്ചു. ഭോപ്പാലിലാണ് സംഭവം. എങ്ങനെ കുഞ്ഞുങ്ങളെ വളര്‍ത്തുമെന്ന, ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വഴക്ക് സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സ്വപ്ന ധകഡ് എന്ന യുവതിയാണ് കുഞ്ഞുങ്ങളെ കൊന്നത്. കൃത്യം നടത്തിയ ശേഷം കഴിഞ്ഞ ആഴ്ച കുഞ്ഞുങ്ങളെ കാണാനില്ലെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. ബംഗംഗ പ്രദേശത്തുനിന്ന് ഫുട്പാത്തില്‍വച്ച് കുഞ്ഞുങ്ങളെ കാണാതായെന്നായിരുന്നു പരാതി.

ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി പറഞ്ഞതൊക്കെ കളവാണെന്ന് പൊലീസിന് ബോധ്യമായി. തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആള്‍ത്താമസം ഇല്ലാത്തിടത്ത് ഉപേക്ഷിച്ചെന്ന് യുവതി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എവിടെയാണ് ഉപേക്ഷിച്ചതെന്നും കൃത്യമായി പറഞ്ഞുകൊടുത്തു. അങ്ങനെയാണ് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെടുത്തത്.
സ്വപ്നയ്ക്ക് മൂന്നു വയസ്സായൊരു മകളുമുണ്ട്. ഭര്‍ത്താവിന് ജോലിയില്ല, മദ്യപാനിയുമാണ്. അങ്ങനെയുള്ളപ്പോള്‍ കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തുമെന്ന് ചോദിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വഴക്കിടുമായിരുന്നു. ഇത് സഹിക്കാന്‍ വയ്യാതെയാണ് കൃത്യം നടത്തിയതെന്നുമാണ് സ്വപ്ന പൊലീസിനോട് പറഞ്ഞത്.