കാര്യവട്ടം ടി 20 ; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

കാര്യവട്ടം ടി20യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്തു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 107 റണ്‍സിന്റെ വിജയലക്ഷ്യം എട്ടു വിക്കറ്റും 20 പന്തും ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. പേസര്‍മാരുടെ മികവും സൂര്യകുമാര്‍ യാദവിന്റെ മികച്ച ഫോമും ചേര്‍ന്നപ്പോള്‍ ഇന്ത്യ വിജയം കൈപ്പിടിയില്‍ ഒതുക്കി. ഇന്ത്യയ്ക്കുവേണ്ടി സൂര്യകുമാര്‍ യാദവ് 50 റണ്‍സും കെഎല്‍ രാഹുല്‍ 51 റണ്‍സും നേടി പുറത്താകാതെ നിന്നു. റണ്‍സെടുക്കുംമുമ്പ് രോഹിത് ശര്‍മ്മയും മൂന്നു റണ്‍സെടുത്ത വിരാട് കോഹ്ലിയും തുടക്കത്തിലേ പുറത്തായെങ്കിലും കൂടുതല്‍ നഷ്ടം കൂടാതെ രാഹുലും യാദവും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. വെറും 33 പന്തില്‍നിന്നാണ് സൂര്യകുമാര്‍ യാദവ് 50 റണ്‍സെടുത്തത്. 56 പന്ത് നേരിട്ടാണ് രാഹുല്‍ 51 റണ്‍സെടുത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടിന് 106 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റെടുത്ത ആര്‍ഷ്ദീപ് സിങും രണ്ടു വിക്കറ്റെടുത്ത ദീപക് ചഹാറും ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക ഒരവസരത്തില്‍ ഒമ്പതിന് അഞ്ച് എന്ന നിലയിലായിരുന്നു. ക്വിന്റന്‍ ഡികോക്ക്(ഒന്ന്), ടെംബ ബവുമ(പൂജ്യം), റിലെ റൂസോ(പൂജ്യം), ഡേവിഡ് മില്ലര്‍(പൂജ്യം), ട്രിസ്റ്റന്‍ സ്റ്റബ്‌സ്(പൂജ്യം) എന്നീ വമ്പന്‍മാര്‍ അതിവേഗം കൂടാരം കയറിയത് സന്ദര്‍ശകര്‍ക്ക് കനത്ത തിരിച്ചടിയായി. 41 റണ്‍സെടുത്ത കേശവ് മഹാരാജിന്റെയും 25 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രമിന്റെയും 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍നെലിന്റെയും പോരാട്ടമാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 100 കടത്തിയത്. 35 പന്ത് നേരിട്ട മഹാരാജ് അഞ്ച് ഫോറും രണ്ടു സിക്‌സറും ഉള്‍പ്പടെയാണ് 41 റണ്‍സെടുത്തത്.

ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായ മത്സരത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 106 റണ്‍സ് മാത്രമേ പ്രോട്ടീസിന് നേടാനായുള്ളൂ. രാജ്യാന്തര ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീം ഇന്ത്യക്കെതിരെ നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്. ഈ വര്‍ഷം തന്നെ രാജ്കോട്ടില്‍ 87 റണ്‍സില്‍ പുറത്തായതാണ് ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഇന്ത്യക്കെതിരായ അവസാന രണ്ട് ഇന്നിംഗ്സുകളിലാണ് ഈ രണ്ട് കുറഞ്ഞ സ്‌കോറും പിറന്നത് എന്നതും സന്ദര്‍ശകര്‍ക്ക് നാണക്കേടാണ്.