പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട അനുബന്ധ സംഘടനകള്‍ക്കും നിരോധനം ബാധകമാണ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനം. പിഎഫ്‌ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളില്‍ ചിലര്‍ക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് എന്‍ഐഎയുടെ നേതൃത്വത്തില്‍ നടന്ന രണ്ട് റൗണ്ട് റെയ്ഡുകള്‍ക്ക് ശേഷമാണ് നിരോധനം. സെപ്തംബര്‍ 22 നായിരുന്നു ആദ്യ റൗണ്ട് റെയ്ഡുകള്‍ നടന്നത്. തുടര്‍ റെയ്ഡുകള്‍ സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച പല സംസ്ഥാനങ്ങളിലും കണ്ടു. ഇന്നലെ PFI യുമായി ബന്ധപ്പെട്ട 250 പേരെയെങ്കിലും കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഏഴ് സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഓപ്പറേഷന്‍ ഒക്ടോപ്പസിന്റെ ഭാഗമായുള്ള രണ്ടാംഘട്ട തെരച്ചിലാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടന്നത്. അതേസമയം നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടര്‍ നടപടിക്ക് നിര്‍ദ്ദേശിച്ച് കേന്ദ്രം. നിരോധിച്ച സംഘടനകളുടെ ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കും. ആസ്തികള്‍ കണ്ടുകെട്ടും. പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവര്‍ത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കും. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും നടപടിക്ക് നിര്‍ദേശം നല്‍കിയത്. നിരോധിച്ച 9 സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടുകെട്ടാനുമാണ് നിര്‍ദ്ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് അടക്കം നിരോധിച്ച സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് വസ്തുവകകളുടേയും പട്ടിക കളക്ടര്‍മാര്‍ തയ്യാറാക്കി മുദ്രവയ്ക്കണം. ഇവ തുടര്‍ന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. എല്ലാ തരത്തിലുള്ള പ്രചാരണ പരിപാടികളും നിരോധിക്കും. കളക്ടറുടെ അനുമതി കൂടാതെ കണ്ടുകെട്ടിയ കെട്ടിടങ്ങളില്‍ പ്രവേശിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികളുണ്ടാകും. സംഘടനയുടെ ചുമതലയുള്ള കൂടുതല്‍ പേരുടെ അറസ്റ്റും വൈകാതെ ഉണ്ടാകും. പേര് മാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവര്‍ത്തനം തുടരുന്നുണ്ടോയെന്ന് നിരീക്ഷിക്കും.