ഞായറാഴ്ച തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്നതിനു പിന്നില്‍ ആസൂത്രിത നീക്കം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ച ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ അംഗീകരിക്കാനാവില്ലെന്നും ഒക്ടോബര്‍ രണ്ടിലെ ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ച പ്രവര്‍ത്തിദിവസമല്ലെങ്കിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് തിരുത്തണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഗാന്ധിജയന്തി ദിനമായതുകൊണ്ട് പൊതു അവധി ദിവസമായ ഒക്ടോബര്‍ 2ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പേരില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തങ്ങളുടെ സ്ഥാപനങ്ങളില്‍ ഹാജരാകണമെന്ന് നിര്‍ബന്ധിക്കരുത്.
മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാനുള്ള നടപടികളും ലഹരിവിമുക്ത കേരളം പദ്ധതികളും സ്വാഗതാര്‍ഹമാണ്. അതിനുവേണ്ടി ഗാന്ധിജയന്തി ദിനത്തിന്റെ മറവില്‍ പൊതു അവധി ദിവസമായ ഞായറാഴ്ച പ്രവര്‍ത്തിദിനമാക്കുന്നത് ശരിയായ നടപടിയല്ല. മദ്യവും മയക്കുമരുന്നുമുള്‍പ്പെടെ ലഹരിക്കെതിരെ ബോധവല്‍ക്കരണം മാത്രമല്ല നിരോധനങ്ങളും നിയമനടപടികളുമാണ് വേണ്ടത്. ഇതിനായി ഞായറാഴ്ച പ്രവര്‍ത്തിദിനമാക്കി അടിച്ചേല്‍പ്പിച്ചുള്ള ലഹരിവിരുദ്ധ ബോധവല്‍ക്കരണം ഫലംകാണില്ല.
നവരാത്രി പ്രമാണിച്ച് ഒക്ടോബര്‍ 3ന് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അന്നേദിവസം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലാസ്സ്റൂമുകളില്‍ ലഹരിവിരുദ്ധ ചര്‍ച്ചയും സംവാദവും നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് സെപ്തംബര്‍ 27ന് ഉത്തരവിറക്കിയിരിക്കുന്നത് തിരുത്തിയിട്ടുമില്ല. ഞായറാഴ്ച ഉള്‍പ്പെടെ പൊതുഅവധിദിവസങ്ങള്‍ പ്രവര്‍ത്തിദിവസമാക്കുന്ന വിചിത്രമായ നടപടിക്രമങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍