ഭര്‍ത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗം ; എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ട് ; സുപ്രീംകോടതി
അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ടെന്നു സുപ്രീം കോടതി. ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമെന്ന് സുപ്രീംകോടതി. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാം എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഭര്‍ത്താവില്‍ നിന്നുള്ള ലൈംഗികാതിക്രമം ബലാത്സംഗമാകാമെന്ന സുപ്രധാന വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വൈവാഹിക ബലാത്സംഗത്തിന് ആദ്യത്തെ നിയമപരമായ ഉത്തരവാണിത്. അവിവാഹിതരായ സ്ത്രീകള്‍ക്ക് പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ നിന്നുണ്ടാകുന്ന 24 ആഴ്ച്ചവരെയുള്ള ഗര്‍ഭധാരണംഅലസിപ്പിക്കാന്‍ അവകാശമുണ്ടെന്നും വിധിയില്‍ പറയുന്നു.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (MTP) നിയമവും ബന്ധപ്പെട്ട നിയമങ്ങളും വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ട്. MTP യുടെ വ്യാഖ്യാനം സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. വിവാഹിതയെന്നോ അവിവാഹിതയെന്നോ ഉള്ള വേര്‍തിരിവ് ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മാത്രമല്ല, എംടിപി നിയമപ്രകാരം ഭര്‍ത്താവില്‍ നിന്നുണ്ടാകുന്ന ലൈംഗികാതിക്രമവും ബലാത്സംഗത്തിന്റെ പരിധിയില്‍ പെടുമെന്നും കോടതി വ്യക്തമാക്കി.
23 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 25 കാരിയായ അവിവാഹിതയായ സ്ത്രീ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. പങ്കാളി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും അതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ടാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉഭയസമ്മതത്തോടെയുള്ള ബന്ധത്തില്‍ ഗര്‍ഭം ധരിച്ച അവിവാഹിതരായ സ്ത്രീകള്‍ 2003-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി റൂള്‍സില്‍ ഒരു ക്ലോസിലും ഉള്‍പ്പെടുന്നില്ലെന്ന് കാണിച്ചായിരുന്നു ഡല്‍ഹി ഹൈക്കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചത്.