ബാംഗ്ലൂരില്‍ സദാചാര ആക്രമണം ; ‘മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത യുവാവിനെ അക്രമികള്‍ മര്‍ദിച്ചു
ബെംഗ്ലൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെ സാദാചാര ആക്രമണം. രണ്ട് മതത്തില്‍ പെട്ടവരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം പേര്‍ ഇവരെ മര്‍ദ്ദിച്ചത്. മുസ്ലീം പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച ശേഷമായിരുന്നു ആക്രമണം. ആദ്യം യുവാവിനെയും പിന്നീട് പെണ്‍കുട്ടിയെയും ആക്രമിച്ചു. ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. മുസ്ലീം മത വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി ഇതര മതസ്ഥനായ യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്.
ബൈക്ക് തടഞ്ഞ ഇസ്ലാംപൂര്‍ സ്വദേശികളായ ആക്രമി സംഘം ആദ്യം യുവതിയോട് മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. നല്‍കാതിരുന്നതോടെ ഭീഷണിയും പിന്നീട് മര്‍ദ്ദനവും നടത്തുകയായിരുന്നു. ഇവരെ തടഞ്ഞു നിര്‍ത്തി സംഘം ഉപദ്രവിക്കുന്നതിന്റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച ദൊഡ്ഡബല്ലാപുരയിലാണ് സംഭവം നടന്നത്. ഇവര്‍ തന്നെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയില്‍ അക്രമി സംഘത്തിലെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.