സഖാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ പകരം വെക്കാനില്ലാത്ത നേതാവ് കോടിയേരി ബാലകൃഷ്ണന്‍ (70) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുധ ബാധിതനായിരുന്നു. മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. കര്‍ക്കശക്കാരായ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്റെ കാല്‍പാടുകളായിരുന്നു കോടിയേരിയുടെ പടവുകള്‍. കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണന്റെ വേര്‍പാട്. കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങിയാല്‍ പിണറായി കഴിഞ്ഞാണ് കോടിയേരി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാല്‍ കോടിയേരി ആയിരുന്നു. കണ്ണൂരില്‍ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയില്‍ എത്തുന്നതിലും, ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണന്‍ വിജയന്റെ തുടര്‍ച്ചയായി. ഓണിയന്‍ സ്‌കൂളില്‍ എട്ടാംക്ലാസ് മുതല്‍ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖര്‍ക്കൊപ്പമുള്ള ജയില്‍ക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണന്‍ വളര്‍ന്നു. 1982 ല്‍ തലശേരി എംഎല്‍എ. തോല്‍വിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90ല്‍ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി.അന്ന് മുതല്‍ ഇങ്ങോട്ട് കോടിയേരി പിന്നില്‍ പോയിട്ടില്ല . സഭക്ക് അകത്തും പുറത്തും.
പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.
ചികിത്സയ്ക്ക് ശേഷം വീണ്ടും സജീവമായ കോടിയേരി സെക്രട്ടറി പദത്തിലേക്ക് തന്നെ തിരിച്ചെത്തി. എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. സിപിഐഎം നേതാവും തലശേരി മുന്‍ എംഎല്‍എയുമായ എം.വി.രാജഗോപാലിന്റെ മകള്‍ എസ്.ആര്‍.വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, ബിനീഷ്. മരുമക്കള്‍: ഡോ.അഖില, റിനീറ്റ. പേരക്കുട്ടികള്‍ ആര്യന്‍ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.