വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം ; ചങ്ങനാശ്ശേരിയില്‍ വീടിന്റെ തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി
ചങ്ങനാശേരിയില്‍ വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം മറവു ചെയ്തത് കണ്ടെത്തി. യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശ്ശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിന്റെ തറ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായിരുന്ന സംശയം. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ (40 വയസ്സ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
കാണാതായ യുവാവിന്റെ ബൈക്ക് നേരത്തെ തൃക്കോതമംഗലത്തെ തോട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണമാണ് ചങ്ങനാശ്ശേരിയിലേക്ക് എത്തിയത്. ബിന്ദു കുമാറിന്റെ മൊബൈല്‍ ടവര്‍ പരിശോധിച്ചതില്‍ ആലപ്പുഴ – ചങ്ങാനശ്ശേരി റോഡിലെ രണ്ടാം പാലത്തിന് സമീപം ഇയാള്‍ എത്തിയതായി വ്യക്തമായി. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ സുഹൃത്ത് മുത്തുകുമാര്‍ ഇവിടെ താമസിക്കുന്നതായി കണ്ടെത്തി.
തുടര്‍ന്ന് മുത്തുകുമാറിനെ തേടി പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. സംശയം തോന്നി പൊലീസ് ഇയാളുടെ വീട് പരിശോധിച്ചപ്പോള്‍ ആണ് തറ പൊളിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ പൊലീസ് വീടിന്റെ തറ പൊളിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ ഇന്ന് ചങ്ങനാശ്ശേരി തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ തറയുടെ കോണ്‍ക്രീറ്റ് പൊളിച്ച് നടത്തിയ പരിശോധനയില്‍ ആണ് ബിന്ദുകുമാറിന്റേത് എന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
മുത്തുകുമാര്‍ വാടകയ്ക്ക് താമസിക്കുന്ന വീടാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ ഭാര്യ വിദേശത്താണ്. മൂന്ന് മക്കളും മുത്തുകുമാറുമാണ് വീട്ടില്‍ താമസം. എന്നാല്‍ ഈ മൂന്ന് മക്കളേയും കഴിഞ്ഞ 26-ാം തീയതി ഈ വീട്ടില്‍ നിന്നും ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ബന്ധുവീട്ടിലേക്ക് മുത്തുകുമാര്‍ മാറ്റിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വസ്തു ബ്രോക്കറായിരുന്നു കാണാതായ ബിന്ദു കുമാര്‍ എന്നാണ് പൊലീസിന് ലഭിച്ച വിവരം. മുത്തുകുമാറും ബിന്ദുകുമാറും സുഹൃത്തുകളായിരുന്നു. ബിന്ദുകുമാറിനെ കാണാതായതായി അമ്മയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വാകത്താനത്തെ ഒരു തോട്ടില്‍ നിന്നും ബിന്ദു കുമാറിന്റെ ബൈക്ക് പൊലീസിന് കിട്ടിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതിലാണ് ഇയാള്‍ മുത്തുകുമാറിന്റെ വീട് നില്‍ക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതും അന്വേഷണം മുത്തുകുമാറിലേക്ക് വഴിമാറിയതും.
ബിന്ദുകുമാറിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ കാണാതായ സെപ്തംബര്‍ 26-ന് ഉച്ചയ്ക്ക് മുത്തുകുമാറിനെ വിളിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് മുത്തുകുമാറിനെ ബന്ധപ്പെട്ടെങ്കിലും തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് അടുത്ത ദിവസം ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ മുത്തുകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയെന്നാണ് സൂചന. ഇതോടെ ഇന്നലെ രാത്രി മുത്തുകുമാറിന്റെ വീട് കുത്തിതുറന്ന് പൊലീസ് പരിശേധന നടത്തി. ഈ പരിശോധനയിലാണ് വീടിന്റെ തറ പെളിച്ചതായി കണ്ടെത്തിയതും കൊലപാതകത്തിന്റെ ചുരുളഴിയുന്നതും . നാല് മാസം മുന്‍പാണ് ഈ വാടക വീട്ടില്‍ മുത്തുകുമാര്‍ താമസം തുടങ്ങിയത് എന്നാണ് വിവരം.
26-ന് രാത്രിയില്‍ മുത്തുകുമാറും ബിന്ദുകുമാറും വേറെ ഒന്നോ രണ്ടോ പേരും ചേര്‍ന്ന് ഈ വീട്ടില്‍ വച്ച് മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചോ എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. മേസ്തിരി പണി ചെയ്തു ജീവിക്കുന്ന ആളാണ് മുത്തുകുമാര്‍.