29 വര്‍ഷം നീണ്ടു നിന്ന പക ; കിളിമാനൂരില്‍ ദമ്പതിമാരെ മുന്‍ സൈനികന്‍ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു
തിരുവനന്തപുരം : കിളിമാനൂരില്‍ മുന്‍ സൈനികന്‍ ദമ്പതികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നതിനു പിന്നില്‍ 29 വര്‍ഷം നീണ്ടു നിന്ന പക. മകന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായര്‍ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇവരെ ആക്രമിച്ച ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ദമ്പതിമാരെ ആക്രമിച്ച ശേഷമാണ് ശശിധരന്‍ നായര്‍ ഇവരെ പെട്രോളൊഴിച്ച് കത്തിച്ചത്. പെട്രോളുമായി വീട്ടിലെത്തിയ ശശിധരന്‍ നായര്‍ പെട്രോള്‍ കൊല്ലപ്പെട്ട പ്രഭാകരക്കുറുപ്പിന്റെയും വിമല കുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹോളോ ബ്രിക്‌സ് നിര്‍മാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകരക്കുറുപ്പ്. സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് ശശിധരന്‍ നായര്‍.
ശശിധരന്‍ നായരുടെ മകനെ വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. പ്രഭാകരക്കുറുപ്പാണ് 29 വര്‍ഷം മുമ്പ് ശശിധരന്‍ നായരുടെ മകനെ ബഹ്‌റൈനില്‍ കൊണ്ടുപോയത്. എന്നാല്‍ മകന്‍ അവിടെ വച്ച് ആത്മഹത്യ ചെയ്തു. ഇതിനു പിന്നാലെ ശശിധരന്‍ നായരുടെ മകളും ജീവനൊടുക്കി. മകന്റെ മരണത്തിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന് ആരോപിച്ച് ശശിധരന്‍ നായര്‍ നല്‍കിയ കേസില്‍ ഇന്നലെ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ശശിധരന്‍ നായര്‍ പ്രഭാകര കുറുപ്പിന്റെ വീട്ടില്‍ എത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. അതിനു മുമ്പ് കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇയാള്‍ രണ്ടുപേരെയും ആക്രമിച്ചിരുന്നു. വീടിന് സമീപത്ത് നിന്ന് ചോര പുരണ്ട നിലയില്‍ ചുറ്റിക കണ്ടെടുത്തിട്ടുണ്ട്. നിലവിളി ശബ്ദത്തിന് പിന്നാലെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.