മന്തിയല്ല പേരാണ് കുഴപ്പം ; കുഴിമന്തി വിവാദം കൊഴുക്കുന്നു
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യം ഒക്കെ ഇപ്പോള്‍ ഭയങ്കര കോമഡി ആയി മാറിക്കഴിഞ്ഞു. പേരാണ് ഇപ്പോള്‍ എല്ലാം. പേര് പറയുന്നത് തെറ്റിയാല്‍ പോലും ഇക്കാലത്ത് ഭയങ്കര പ്രശ്‌നമാണ്. അപ്പോള്‍ ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള ഒരു പേര് മാറ്റണം എന്ന് പറഞ്ഞാല്‍ പിള്ളേര്‍ ചുമ്മാ ഇരിക്കുമോ…? ഇല്ല എന്നാണ് ഉത്തരം. ഇവിടെ ഇപ്പോള്‍ നടക്കുന്നതും അതാണ്. സിനിമാ താരം ശ്രീ രാമന്‍ കുഴിയിലായതും ഈ പേര് കാരണമാണ്. കുഴിമന്തി എന്ന പേര് മാറ്റണം എന്ന് താരം ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ആഹാര പ്രേമികളെ ചൊടിപ്പിച്ചത്.
‘ഒരു ദിവസത്തേക്ക്
എന്നെ കേരളത്തിന്റെ
ഏകാധിപതിയായി
അവരോധിച്ചാല്‍
ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദര്‍ശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തില്‍ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.??????
പറയരുത്
കേള്‍ക്കരുത്
കാണരുത്
കുഴി മന്തി?”
ഇതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായ പോസ്റ്റ്. ഇതിനു താഴെയായി ‘ കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ്മ വരും. ഞാന്‍ കഴിക്കില്ല. മക്കള്‍ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറി മാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി ഇമ്പ്രസീവ് ആയാലേ കഴിക്കാന്‍ പറ്റൂ’.’ എന്ന് ശാരദ കുട്ടി കമന്റ് കൂടി ഇട്ടപ്പോള്‍ അത് വീണ്ടും എതിര്‍പ്പുകള്‍ക്ക് കാരണമായി. പിന്നാലെ സുനില്‍ പി. ഇളയിടം ഒരു `തംസപ്പ് ഇമോജി’ നല്‍കിയതോടെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ചൂണ്ടികാണിച്ച് വിമര്‍ശനവുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. പിന്നീട് വി കെ ശ്രീരാമന്റെ പരാമര്‍ശത്തിന് പിന്തുണ നല്‍കിയതില്‍ സുനില്‍ പി ഇളയിടം നിര്‍വ്യാജമായ ഖേദം പ്രകടിപ്പിച്ചു.
‘വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടന്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാന്‍ ഉദ്ദേശിച്ചത് അതാണ്’ എന്ന് സുനില്‍ പി ഇളയിടം വ്യക്തമാക്കി.
എങ്കിലും ആ പ്രയോഗങ്ങള്‍ക്ക് അതേപടി പിന്തുണ നല്‍കിയ തന്റെ നിലപാടില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട് .പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാന്‍ അത് കാരണമായിട്ടുണ്ട്. അക്കാര്യത്തിലുള്ള തന്റെ നിര്‍വ്യാജമായ ഖേദം രേഖപ്പെടുത്തുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാലിപ്പോള്‍ വീണ്ടും കുറിപ്പുമായി വി കെ ശ്രീരാമന്‍ രംഗത്തെത്തി. ‘എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദുഃഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്. ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു.
എന്റെ ഖേദം അറിയിക്കുന്നു’- പുതിയ കുറിപ്പില്‍ ശ്രീരാമന്‍ വ്യക്തമാക്കി. താന്‍ ഏകാധിപതിയാകുന്നത് നടക്കാത്ത കാര്യമാണെന്ന തരത്തില്‍ ആ പ്രസ്താവനയെ ആരും കണക്കിലെടുത്തില്ല. കുഴിമന്തി താന്‍ കഴിച്ചിട്ടുണ്ടെന്നും മന്തിയോട് വിരോധമില്ലെന്നും പേരിനോട് മാത്രമാണ് വിരോധമെന്നും വി കെ ശ്രീരാമന്‍ കുറിപ്പില്‍ പറയുന്നു. ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്ന ജനാധിപത്യത്തിലാണ് താന്‍ വിശ്വസിക്കുന്നത്. എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു. ഞാനാണ് അതിനൊക്കെ കാരണമായതെന്നത് എന്നെ സങ്കടപ്പെടുത്തുന്നുവെന്നും ഖേദം അറിയിക്കുന്നുവെന്നും ശ്രീരാമന്‍ കുറിച്ചു.