മുഴുവന്‍ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയനില്‍ പങ്കാളികളാകും: മന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം: സഹകരണ രജിസ്ടേഷന്‍ സാംസ്‌കാരിക വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയിനില്‍ പങ്കാളികളാകുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ഗാന്ധിജയന്തി മുതല്‍ നവംബര്‍ 1 (കേരള പിറവി) വരെ നടക്കുന്ന കാമ്പയിനിലെ എല്ലാ പരിപാടികളിലും ഇവിടുത്തെ ജീവനക്കാരും വിദ്യാര്‍ത്ഥികളും പങ്കാളികളാകും. ഈ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ പ്രത്യേകമായി ഈ കാലയളവില്‍ സംഘടിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അവബോധ പോസ്റ്റര്‍, ബോര്‍ഡ് തുടങ്ങിയവ സംസ്ഥാനത്താകെ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം ഒരേ രീതിയില്‍ സ്ഥാപിക്കും. ജീവനക്കാരുടെ സംഘടനകളോടും സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുകൂടാതെ പ്രാദേശിക തലത്തില്‍ നത്തുന്ന ലഹരിവിരുദ്ധ, ലഹരി നിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി അത് കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹകരണ ആശുപത്രികളുടെടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ, ലഹരി നിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ ഊര്‍ജ്ജിതമായി നടത്തുവാനും ഇതില്‍ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു .