വീണ്ടും വിവാഹം കഴിച്ച യുവാവിനെ ആദ്യ ഭാര്യ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊന്നു

തന്നോട് പറയാതെ രണ്ടാമതും വിവാഹം കഴിച്ച യുവാവിനെ ആദ്യ ഭാര്യ ഫ്‌ലാറ്റിന്റെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. സൗദിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന ഈജിപ്ഷ്യന്‍ യുവാവ് ആണ് കൊല്ലപ്പെട്ടത്. യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതാണ്. ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചത് മുന്‍ ഭാര്യ അറിയുകയും ഇതിനെ എതിര്‍ക്കുകയുമായിരുന്നു.

തുടര്‍ന്ന് തന്റെ പിതാവിനെയും സഹോദരന്മാരെയും വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇവര്‍ യുവാവിനോട് വിവാഹം ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ വിസമ്മതിക്കുകയായിരുന്നു. പിന്നാലെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു. ഇയാളുടെ മകന്റെ കണ്‍മുമ്പിലാണ് സംഭവം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് അഭിപ്രായപ്രകടനങ്ങള്‍.