കേരളത്തില്‍ വീണ്ടും മഴ ഭീഷണി ; അഞ്ചുദിവസത്തേക്ക് ശക്തമായ മഴ ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നായിരുന്നു പ്രവചനം. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ട് തുറന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് ഡാം തുറന്നത്. ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെമീ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
ഡാമിലെ വെള്ളം തുറന്നു വിട്ട സാഹചര്യത്തില്‍ കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നു.