ദമ്പതികളെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതിയും മരിച്ചു
തിരുവനന്തപുരം കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുമൂട്ടില്‍ വയോധിക ദമ്പതികളെ വീടുകയറി പെടോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായര്‍ ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാള്‍ പ്രഭാകരകുറുപ്പ് (70), ഭാര്യ വിമല (65) എന്നിവരെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകം. ആക്രമത്തിനിടെ പരിക്കേറ്റ ശശിധരന്‍ നായര്‍ അന്നുമുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു. ഈ കേസില്‍ കഴിഞ്ഞ ദിവസം കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കി. ഇതോടെയാണ് ശശിധരന്‍ നായര്‍ കയ്യിലെ കന്നാസില്‍ പെട്രോളുമായി പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയത്. കയ്യില്‍ ചുറ്റികയും കരുതിയിരുന്നു. ഈ ചുറ്റിക കൊണ്ട് പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയേയും ആക്രമിച്ച ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചത്. ഇതിനിടെ, ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റു. നിലവിളി ശബ്ദവും പിന്നാലെ പുക ഉയരുന്നതും കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ കാണുന്നത് ഗുരുതരമായി പൊള്ളലേറ്റ ഭാര്യയേയും ഭര്‍ത്താവിനേയുമാണ്. ശശിധരന്‍ നായര്‍ സമീപത്ത് ഇരിപ്പുണ്ടായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ ഉണ്ടായിരുന്നു. സമീപത്ത് നിന്ന് ചോര പുരണ്ട നിലയില്‍ ചുറ്റികയും ലഭിച്ചിരുന്നു.
27 വര്‍ഷം മുന്‍പ് ശശിധരന്റെ മകനെ ബഹ്‌റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതില്‍ മകന്‍ നിരാശനായിരുന്നു. ഇക്കാര്യം വീട്ടില്‍ പലതവണ അറിയിച്ചശേഷമാണ് മകന്‍ ആത്മഹത്യ ചെയ്തത്. സഹോദരന്‍ മരിച്ച വിഷമത്തില്‍ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരന് ശത്രുതയായി. നിരന്തര ലഹളയെത്തുടര്‍ന്ന് പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരില്‍ വീടു വാങ്ങി താമസമാവുകയായിരുന്നു.