അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

പ്രമുഖ പ്രവാസിയും ചലച്ചിത്രനിര്‍മ്മാതാവും നടനുമായ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 80 വയസായിരുന്നു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറ്റ്‌ലസിന്റെ ചെയര്‍മാന്‍ ആണ്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകള്‍ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പം ദുബായിലായിരുന്നു താമസം. ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ശനിയാഴ്ച്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈശാലി , വാസ്തുഹാര , സുകൃതം തുടങ്ങി ഇരുപതിലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹം അറബിക്കഥ, മലബാര്‍ വെഡിങ് തുടങ്ങിയ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപന’മെന്ന എന്ന പരസ്യവാചകത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. തൃശ്ശൂര്‍ ജില്ലയില്‍ 1942 ജൂലൈ 31 നായിരുന്നു ജനനം. മത്തുക്കര മൂത്തേടത്ത് വി. കമലാകര മേനോന്റേയും രുഗ്മിണി അമ്മയുടേയും എട്ട് മക്കളില്‍ മൂന്നാമനയാരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ കരിയര്‍ ആരംഭിച്ചത്. തൃശ്ശൂര്‍ സെന്‍തോമസ് കോളേജില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിരുന്നു. കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈത്തില്‍ ജോലി ചെയ്യുമ്പോഴാണ് സ്വര്‍ണ വിപണയിലേക്ക് ചുവടുവെക്കുന്നത്.

ഇതോടെയാണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ ആരംഭം. ഗള്‍ഫ് യുദ്ധത്തില്‍ ബിസിനസ് പൂര്‍ണമായും തകര്‍ന്നപ്പോള്‍ വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങി വിജയിച്ചു. ഇതിനിടയില്‍ മലയാളത്തില്‍ നിരവധി മികച്ച ചിത്രങ്ങളും നിര്‍മിച്ചു. പതിനാലോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2015-ല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രാമചന്ദ്രന്‍ ദുബായില്‍ 3 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2018 ലാണ് ജയില്‍ മോചിതനായത്. ബിസിനസ്സ് രംഗത്ത് വീണ്ടും സജീവമാകാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വിയോഗം.